നിങ്ങളും ഈ വഴി തെരഞ്ഞെടുക്കൂ...
ദേശീയന്മാരടക്കമുള്ള സമുന്നതരായ കമ്യൂണിസ്‌റ്റ് നേതാക്കള്‍ സംസ്‌ഥാനത്തെത്തുമ്പോള്‍ അത്താഴവിരുന്നൊരുങ്ങുന്നതു കുബേര ഭവനങ്ങളിലായിരിക്കും. അതുകൊണ്ട് ഏതു മെനു വേണമെങ്കിലും കിട്ടും.എക്കാലവും പാര്‍ട്ടി ശത്രുവായിരുന്ന കോഴിക്കോട്ടെ ഒരു ധനാഢ്യന്റെ വീട്ടില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനൊരുങ്ങിയ സദ്യ റദ്ദ് ചെയ്യിക്കാന്‍ പോസ്‌റ്റര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള സമരം ചെയ്യേണ്ടിവന്നു അണികള്‍ക്ക്. ഈ സമ്പന്നര്‍ പഴയ സുഹൃത്തുക്കളും സഹപാഠികളുമാണെന്നതാണു ന്യായീകരണം. 'ഇ.എം.എസിനും എ.കെ.ജിക്കുമൊക്കെ ഉണ്ടായിരുന്നതു പോലെ തൊഴിലാളി സുഹൃത്തുക്കളൊന്നുമില്ലേ നിങ്ങള്‍ക്കാര്‍ക്കും' എന്നാരും ചോദിക്കാറില്ല. തൊഴിലാളികളോട് അനുഭാവപൂര്‍ണമായ സമീപനമുള്ള നേതാക്കള്‍ ഇല്ലെന്നല്ല. നമ്മുടെയൊരു സംസ്‌ഥാനനേതാവിന്റെ കാര്യം തന്നെ ഉദാഹരണം. പാലക്കാട് സ്വദേശിയായ ഇദ്ദേഹം വര്‍ഷത്തില്‍ രണ്ടുതവണ മാത്രമാണ് ഷര്‍ട്ട് വാങ്ങുന്നത്. - ആറുമാസത്തിലൊരിക്കല്‍ വാങ്ങുന്നത് അമ്പതു ഷര്‍ട്ട് വീതമാണെന്നു മാത്രം!നേതാക്കള്‍ വെയിലു കൊണ്ടു ജാഥ നയിക്കുന്നു, പാര്‍ട്ടിക്ലാസെടുക്കുന്നു, വര്‍ഗബോധമുണര്‍ത്തി ഘോരഘോരം പ്രസംഗിക്കുന്നു. രാത്രി അണികള്‍ പോയിക്കഴിയുമ്പോള്‍ നേതാക്കള്‍ പലരും സമ്പന്നരുടെ അതിഥികളാകുന്നു. അല്ലെങ്കില്‍ അവരുടെ റിസോര്‍ട്ടുകളില്‍ തങ്ങുന്നു, വിദേശമദ്യം ഗോപ്യമായി അടിക്കുന്നു. നേതാവിന്റെ ഈ മുഖം അണികളറിയുന്നില്ല. തൊഴിലാളിയാര്, മുതലാളിയാര് എന്നു തിരിച്ചറിയാന്‍ വയ്യാത്ത അവസ്‌ഥ.കോട്ടയത്തെ മൂന്നു പ്രമുഖ നേതാക്കള്‍ ഹൈക്ലാസ് ക്ലബുകളിലെ അംഗങ്ങളാണ്. ലക്ഷങ്ങള്‍ പൊടിച്ചാലേ ഈ ക്ലബുകളിലെ അംഗത്വം ലഭിക്കൂ. - ശരിക്കും ഇതു തന്നെയല്ലേ ക്ലാസ്‌വാര്‍ എന്നു പറയുന്നത്! വളരെ താഴേത്തട്ടില്‍ നിന്നു പാര്‍ട്ടിജീവിതമാരംഭിച്ചതാണ് ഇക്കൂട്ടത്തിലൊരു നേതാവ്. ഇദ്ദേഹത്തിന്റെ മൂത്തമകളെ വിവാഹം കഴിച്ചിരിക്കുന്നതു പ്രവാസി; രണ്ടാമത്തെ മകളെ വിദേശത്തെ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ വിവാഹം കഴിച്ചു. രണ്ടു വിവാഹങ്ങള്‍ക്കും പണമൊഴുകുകയായിരുന്നു. ഇതു പോലെ തന്നെ എറണാകുളത്തേയും കഥ:
ബീഡിത്തൊഴിലാളിയായി രാഷ്‌ട്രീയജീവിതമാരംഭിച്ച ഉദയംപേരൂരുകാരനായ സഖാവ് ഇന്നു കോടീശ്വരനാണ്. വിദേശത്ത് മെഡിസിനു പഠിച്ചു മദാമ്മയെ കെട്ടിയ മകന്‍ഡോക്‌ടറും കുടുംബവും അമേരിക്കയില്‍ സ്‌ഥിരതാമസമാക്കി. ഒരുകോടിയിലധികം ചെലവു വരുന്ന വീടു വച്ചു വാര്‍ത്തയിലിടം നേടിയ നേതാവിനെ പക്ഷേ, പ്രാദേശിക തെരഞ്ഞെടുപ്പില്‍ അണികള്‍ തോല്‍പ്പിച്ചു കളഞ്ഞു. പാര്‍പ്പിടനഗരത്തില്‍ ഫ്‌ളാറ്റ് നിര്‍മാതാക്കളും നിലംനികത്തു മാഫിയയുമെല്ലാം നേതാവിനെ മുഖംകാണിച്ച ശേഷം നഗരസഭയുടെ അനുമതി വാങ്ങിയാല്‍ മതി എന്നതായിരുന്നു നേരത്തേ ചട്ടം. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ബിനാമി ബിസിനസുകളും ഏക്കറുകണക്കിന് സ്‌ഥലങ്ങളുമായി നേതാവ് ഇപ്പോഴും തിരക്കില്‍ത്തന്നെ. ഇതാണു പറയുന്നത്, അധികാരമുള്ള കാലത്തു തൈ പത്തു വച്ചാല്‍ അധികാരം പോകുന്ന കാലത്തു കായ് പറിച്ചു തിന്നാമെന്ന്...ഓച്ചിറയില്‍ നിന്ന് ആലപ്പുഴയിലെ ചമ്പക്കുളത്തു ഷാപ്പില്‍ ജോലിക്കായി എത്തി പാര്‍ട്ടിനേതാവായി ഉയര്‍ന്ന സഖാവും ഇതേ തത്വശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നയാളാണ്. ടിയാന്‍ ഈയിടെ ജന്മദേശത്തു വീടുവച്ചത് 40 ലക്ഷം രൂപ പൊടിച്ചാണ്.
മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനവും പാര്‍ട്ടിപ്രവത്തനവും തകൃതിയായപ്പോഴാണു സമ്പത്തും പെരുകിയത്. അതെങ്ങനെ സാധിച്ചു എന്ന് അമ്പരക്കുന്നവരുണ്ടെങ്കില്‍ കുട്ടനാട്ടിലെ മങ്കൊമ്പിലേക്കു വരിക-നിലംനികത്തലിനെതിരേ വെട്ടിനിരത്തല്‍ സമരം നടത്തിയ നാട്ടില്‍ വയല്‍നികത്തി ഒന്നരക്കോടി രൂപ ചെലവിട്ടു നിര്‍മിച്ച ചെത്തുതൊഴിലാളിയൂണിയന്‍ താലൂക്ക് കമ്മിറ്റി ഓഫീസ് കാണേണ്ട കാഴ്‌ച തന്നെയാണ്. യൂണിയന്റെ അതേപാത തന്നെയാണു നേതാക്കളും പിന്തുടരുന്നത്. കുട്ടനാട്ടിലെ ഒരേക്കര്‍ നിലം നികത്താന്‍ മണ്ണിന്റെ വിലയ്‌ക്കും ലോറിക്കൂലിക്കും പുറമേ 'ലോക്കല്‍ സെറ്റില്‍മെന്റി'നെന്നപേരില്‍ 25,000 രൂപയാണു പടി. ലോറി അന്വേഷിച്ചു മെനക്കെടണമെന്നില്ല. നമ്മുടെ മിക്ക നേതാക്കള്‍ക്കും സ്വന്തമായി ലോറിയുണ്ട്. കരാറെടുത്ത് അവര്‍ തന്നെ നികത്തിത്തരും. ഇതിനപ്പുറം ഒരു പടികൂടി പോയ നേതാക്കളുമുണ്ട് - വീയപുരം, പള്ളിപ്പാട്, ചെറുതന മേഖലകളില്‍ തുച്‌ഛവിലയ്‌ക്ക് വയല്‍വാങ്ങി നികത്തിയശേഷം ഇവര്‍ സെന്റിന് 15,000 - 20,000 രൂപയ്‌ക്കു മറിച്ചുവില്‍ക്കുന്നു!ഇതിലൊക്കെ അല്‍പമെങ്കിലും ഒളിവുണ്ടെങ്കില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയുമാകര്‍ഷിച്ച മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയെ വട്ടപ്പൂജ്യത്തിലെത്തിച്ചതു പരസ്യമായ പണക്കൊതിയായിരുന്നു.മൂന്നാറില്‍ നിന്നു ജെ.സി.ബികള്‍ പിന്‍വാങ്ങിയപ്പോള്‍ ഒരു ജനപ്രതിനിധിയും പഞ്ചായത്ത് പ്രസിഡന്റും ജില്ലയില്‍ ഏക്കറുകണക്കിനു ഭൂമിയാണു സ്വന്തമാക്കിയത്. പാലക്കാട്ടെ ഒരു നേതാവ് മുപ്പത്തിയഞ്ചു ലക്ഷം രൂപ മുടക്കി വീടു വച്ചതു പാര്‍ട്ടിക്കുള്ളില്‍ ഇതുപോലെ ചര്‍ച്ചയായിരുന്നു. തറവാട്ടുവീട് വിറ്റവകയിലെന്നാണു നേതാവ് മറുപടി കൊടുത്തത്. വീട് എപ്പോ വിറ്റെന്ന ചോദ്യത്തിനു മാത്രം ഉത്തരമുണ്ടായതുമില്ല. ആ സ്‌ഥലം വിറ്റാല്‍തന്നെ ഇത്തരത്തിലുള്ള ആഡംബരവീടു പണിയാന്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കാണോ കൈയിലെന്ന് ആരും ചോദിച്ചതുമില്ല. ചോദിച്ചാലും വലിയ കാര്യമൊന്നുമില്ല; പാലക്കാട്ടു തന്നെയുള്ള മറ്റൊരു പാര്‍ട്ടി മാതൃക കാണുക: പഴയൊരു മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍ അംഗമായിരുന്ന സഖാവാണു കഥാനായകന്‍. പല കാര്യങ്ങള്‍ക്കും പാരിതോഷികം കൈനിറയെ വാങ്ങിച്ചു കൂട്ടിയെന്ന പേരില്‍ പാര്‍ട്ടി അന്വേഷണമുണ്ടായി സഖാവിനെതിരേ.ആരോപണം സത്യമെന്നു ബോധ്യപ്പെട്ടു സഖാവിനെ പുറത്താക്കി. തന്റെ ലളിതജീവിതം തെളിയിക്കാനെന്നോണം സഖാവ് ടൗണില്‍ കണ്ണായ സ്‌ഥലത്ത് ഒരു വീടു പണിതു. കണ്ടാല്‍ ആരുടേയും കണ്ണുമഞ്ചും. ഈ കഥാനായകന്‍ ഇപ്പോള്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ച് അംഗമാണെന്നതു കൂടി കൂട്ടിവായിക്കണം ഇതോടൊപ്പം. ഇനി മലപ്പുറത്തെ കഥ: പൊന്നാനി നിയമസഭാമണ്ഡലത്തിലെ നേതാവിനു ലക്ഷങ്ങളെന്നൊക്കെ പറഞ്ഞാല്‍ വെറും കുട്ടിക്കളിയാണ്. അദ്ദേഹം കോടികളെറിഞ്ഞാണു കളിക്കുന്നത്. കാല്‍നൂറ്റാണ്ടോളം പഞ്ചായത്തു പ്രസിഡന്റായിരുന്ന കക്ഷിക്കു വച്ചടി വച്ചടി കയറ്റമായി. അഴിമതി ആരോപണത്തിന്റെ പേരില്‍ പലതവണ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെങ്കിലും 'വീണ്ടും വീണ്ടും' തിരിച്ചെടുത്തു. പാര്‍ട്ടിക്കു പുറത്തേക്കും അകത്തേക്കും പലതവണയുള്ള യാത്രയ്‌ക്കിടെ ഒരു ടൂറിസ്‌റ്റ് ഹോം, എടപ്പാളില്‍ ഒരു അഞ്ചുനില കെട്ടിടം, രണ്ടു കാര്‍, താമസിക്കാന്‍ ഒരു മണിമാളിക... ഇത്യാദി 'ചെറിയൊരു' സമ്പാദ്യവും കക്ഷിയുണ്ടാക്കി.
സി.പി.എം ആഭ്യന്തരരാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ മണിച്ചന്‍ കേസില്‍ പാര്‍ട്ടി കുറ്റക്കാരെന്നു കണ്ടെത്തിയവരെല്ലാം പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്‌ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. എം സത്യനേശനാവട്ടെ മടങ്ങിവരവിന്റെ പാതയിലാണ്. പിന്നെ, പരാതി പറഞ്ഞിട്ടും അന്വേഷിച്ചിട്ടും എന്താ കാര്യം! ഈ നില തുടര്‍ന്നാല്‍ വൈകാതെ പാര്‍ട്ടിചാനലില്‍ ഇങ്ങനെയും ഒരു പരസ്യം പ്രതീക്ഷിക്കാം, 'ഞാന്‍ സി.പി.എമ്മിലൂടെ രക്ഷപ്പെട്ടു, നിങ്ങളും ഈ വഴി തെരഞ്ഞെടുക്കൂ...' അങ്ങനെ, വളരെ വൈകിയാണു കാരാട്ട് സഖാവിനു ബോധോദയമുണ്ടായത് - പാര്‍ട്ടിനേതാക്കളുടെ ജീവിതശൈലി ശരിയല്ലെന്ന്. ഇനി പറഞ്ഞിട്ടു കാര്യമില്ല. അത് എളുപ്പത്തില്‍ തിരുത്താന്‍ പറ്റുന്ന കാര്യമല്ലല്ലോ. തെരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം തേടി പാര്‍ട്ടിയുടെ താഴേത്തലം മുതല്‍ പി.ബി. വരെ അലഞ്ഞു കണ്ടെത്തിയ കാര്യങ്ങള്‍ എന്തൊക്കെയാണ്? പി.ഡി.പി. ബന്ധം, ലാവ്‌ലിന്‍ ആരോപണം, മുഖ്യമന്ത്രി വി.എസിന്റെ പ്രസ്‌താവനകള്‍, വിഭാഗീയത... എന്നാല്‍ അതിലൊക്കെ പ്രധാനമായ കാരണം ഇതാണ് - സി.പി.എം. നേതാക്കളേപ്പറ്റിയും പാര്‍ട്ടി പ്രവര്‍ത്തകരേപ്പറ്റിയുള്ള ധാരണയും വിശ്വാസവും നഷ്‌ടപ്പെട്ടിരിക്കുന്നു. വര്‍ഗബോധവും നേതാക്കളും തമ്മില്‍ ബന്ധമില്ലാതായിരിക്കുന്നു.
Janam