2011, ഫെബ്രുവരി 16, ബുധനാഴ്‌ച

പി സുരേന്ദ്രന്‍റെ ഗ്രീഷ്മമാപിനി നോവലില്‍നിന്ന്

സമര മുഖത്തുള്ള ഒരു പോരാളിയുടെ ആയുധങ്ങളെല്ലാം സമരമുന്നണിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍വ്വീര്യമാക്കുന്നു. അടവു നയത്തിന്റെ പേരില്‍ വിപ്ലവ ശത്രുക്കളോട് അവര്‍ സന്ധി ചെയ്തിട്ടും പോരാട്ടത്തിന്റെ തീക്കനല്‍ ബാക്കിയുള്ള ആ മനുഷ്യന്‍ ഒറ്റയാള്‍ സമരം നടത്തുന്നു. ഒടുവില്‍ പോരാട്ടത്തിന്റെ എല്ലാ ചെറുമിടിപ്പുകളെയും ഇല്ലാതാക്കാനായി പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത് നേതാവിനെ ഏകാന്തവാസത്തിന് വിടുന്നു. എന്നാല്‍ തടവറ പൊട്ടിച്ചെറിഞ്ഞ് അദ്ദേഹത്തിന് പഴയ സമരങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു.

ഇത് വി.എസ് അച്യുതാനന്ദന്റെ ജീവിത കഥയല്ല. പക്ഷെ വി.എസ് ഇല്ലായിരുന്നുവെങ്കില്‍ ഈ നോവല്‍ ഉണ്ടാകുമായിരുന്നില്ലെന്ന് എഴുത്തുകാരന്‍. അതെ വി.എസിന്റെ പോരാട്ട ജീവിതത്തിന്റെ ദുരന്തപര്യവസാനത്തെക്കുറിച്ചുള്ള നോവല്‍ ഗ്രീഷ്മമാപിനി പുറത്തിറങ്ങുന്നു. പി.സുരേന്ദ്രന്‍ എഴുതിയ നോവല്‍ ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്. ഗ്രീഷ്മ മാപിനി നോവലിന്‍റെ ആദ്യ അധ്യായത്തില്‍ നിന്ന്.

മെയ് ഒമ്പതിനു ചേര്‍ന്ന നിര്‍ണായകമായ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ചാണ് അദ്ദേഹത്തെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനമായത്. ഗ്രീഷ്മത്തിലെ പതനം എന്നാണ് ഈ സംഭവത്തെ മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ആന്ധ്രയിലെ ഖമ്മത്താണ് അത്തവണ കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്നത്.

പാറകള്‍ പഴുത്ത് പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചേരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്ന് പാര്‍ട്ടി വിശ്വസിച്ചു. ഗ്രീഷ്മത്തില്‍ പിറന്ന്, എത്രയോ കഠിന ഗ്രീഷ്മങ്ങളെ അതിജീവിച്ച അദ്ദഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ അത് ഗ്രീഷ്മത്തിലാവണമെന്നും ഉഷ്ണം തിളയ്ക്കുന്ന ദേശത്താവണമെന്നും കണ്ടെത്തുന്നതില്‍തന്നെ ഒരു കാവ്യാത്മകതയുണ്ട്.

ആഗോളതാപനം മൂലമാണോ എന്നറിയില്ല ഏറ്റവും കനത്ത ചൂടാണ് ഖമ്മത്തും നല്‍ഗോണ്ടയിലും അനന്തപൂരിലും മെഹ്ബൂബ് നഗറിലുമൊക്കെ രേഖപ്പെടുത്തിയത്. സൂര്യാഘാതത്തില്‍ ധാരാളം ആളുകള്‍ മരിച്ചു. തൊട്ടു മുമ്പത്തെ ദിവസമാണ് ശ്രീശൈലത്ത് ഇരുപത്തിയൊന്ന് മാവോയിസ്റ്റകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

പാര്‍ട്ടിയുടെ നിര്‍ണ്ണായക തീരുമാനങ്ങളൊക്കെ ആന്ധ്രപ്രദേശിലെ യോഗങ്ങളില്‍ വെച്ചാണ് സംഭവിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശ് പാര്‍ട്ടിയെ മറന്നെങ്കിലും തെലുങ്കാനയുടെ മണ്ണിന് പാര്‍ട്ടി വലിയ പ്രാധാന്യം നല്‍കി. ചില തീരുമാനങ്ങള്‍ തന്ത്ര പരമാവണം. ക്രമാതീതമായ ഉഷ്ണം മൂലം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം ധാരാളം വെള്ളം കുടിക്കേണ്ടി വന്നു.

അമേരിക്കയിലെ കെന്റുകിക്കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ പോകുന്ന മിനറല്‍ വാട്ടര്‍ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ധാരാളമായി വിതരണം ചെയ്തിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തുകയും ചെയ്തു. കെന്റുകിയുടെ ജിംബീം എന്ന ബോണ്‍ ബോണ്‍ വിസ്‌കിയുടെ ഗംഭീര വിജയത്തിനുശേഷമാണ് മിനറല്‍ വാട്ടര്‍ പുറത്തിറക്കാനും ഇന്ത്യയിലെ ഉഷ്ണപ്രദേശങ്ങളില്‍ പരീക്ഷണാര്‍ത്ഥം വിതരണം ചെയ്യാനും തീരുമാനിച്ചത്.

സാമ്രാജ്യത്വത്തിന്റെ പേടി സ്വപ്‌നമാണ് പാര്‍ട്ടിയെന്ന് നേതാക്കള്‍ എല്ലായ്‌പ്പോഴും പ്രസംഗിക്കാറുള്ളതാണ്. കെന്റുകിക്കാരും അതുകേട്ട് പേടിച്ചു കാണണം. പാര്‍ട്ടിക്കു വെറുതെ വെള്ളം കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്. അതുകൊണ്ടാവണം.
അദ്ദേഹത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനമെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള യൂവാക്കളായ പാര്‍ട്ടി പ്രതിനിധികള്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

ഭാവിയില്‍ പാര്‍ട്ടിയെ നയിക്കേണ്ട യുവത്വത്തിന്റെ ശബ്ദത്തെ നിരാകരിക്കാന്‍ സാധ്യമാകാത്ത വിധം അവര്‍ പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടിയിരുന്നു.

പൊതുവേദികളിലും മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലും അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് അവരൊക്കെ സംസാരിക്കുമെങ്കിലും പാര്‍ട്ടിക്കകത്ത് ഈ യുവനിര അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യത കാരണമാവണം അത്തരമൊരു വിചിത്ര നിലപാട് പാര്‍ട്ടിയിലെ യുവത്വം കൈക്കൊണ്ടത്.

ദേശത്തെയും കാലത്തെയും ഭേദിച്ച് അദ്ദേഹം മറ്റെന്തൊക്കെയോ ആവുകയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ട്. സമീപകാലത്തായി പാര്‍ട്ടിയുടെ അതിരുകളെയും മറികടന്നു പോവുകയാണ് അദ്ദേഹം.

വ്യക്തിയും പാര്‍ട്ടിയും തമ്മിലുള്ള യുദ്ധംപോലെ അനേക സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് അപകടകരമാണെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ യുവത്വം വിലയിരുത്തി വൈയക്തികതകളെ സാമൂഹികതകൊണ്ട് പ്രതിരോധിക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം.

അദ്ദേഹത്തെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ വേണ്ടിത്തന്നെയാണ് അത്തവണ കേന്ദ്രകമ്മിറ്റി ചേര്‍ന്നത്. ചില മാധ്യമപ്രവര്‍ത്തകരെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍.

മാധ്യമപ്രവര്‍ത്തകരുടെ കണ്ണുകള്‍ ഇടതടവില്ലാതെ പാര്‍ട്ടിയെ ഒളിഞ്ഞുനോക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ എല്ലായ്‌പ്പോഴും പരാതി പറയാറുള്ളതാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നഖം വെട്ടാനും അടയ്ക്ക വെട്ടാനും കത്തികള്‍ ഉണ്ടാക്കിക്കൊടുക്കെന്ന കരുവാന്റെ ആലകള്‍, കൊറ്റികളെ വെടിവെക്കാന്‍ തോക്കുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന കള്ളത്തോക്കു നിര്‍മ്മാണ കേന്ദ്രങ്ങള്‍, നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് വിവാഹസത്ക്കാരത്തിനു പോകാന്‍ സാരികള്‍ നെയ്യുന്ന നെയ്ത്ത് കേന്ദ്രങ്ങള്‍

എല്ലായിടത്തേക്കും മാധ്യമപ്രവര്‍ത്തകര്‍ ഒളിഞ്ഞുനോക്കുകയാണ്. നേതാക്കളുടെ മക്കള്‍ പഠിക്കുന്ന വിദേശ യൂണിവേഴ്‌സിറ്റികളില്‍ വരെ മാധ്യമപ്രവര്‍ത്തകരുടെ ചാരക്കണ്ണുകള്‍ ഇഴഞ്ഞെത്തുന്നു.

ചെളിവരമ്പത്തെ കൊറ്റികളെപ്പോലെ ഒടുങ്ങാത്ത കാത്തിരിപ്പാണ് ഓരോ മാധ്യമപ്രവര്‍ത്തകന്റേയും ചേറുനിറഞ്ഞ വയലില്‍ എപ്പോഴാണ് ഒരു മീന്‍ പൂളയ്ക്കുകയെന്നു കൂര്‍പ്പിച്ചുകാത്തിരിക്കണം. കേന്ദ്രകമ്മിറ്റിയോഗത്തിനുവേണ്ടി മേയ് ഒമ്പത് തിരഞ്ഞെടുത്തതും ബോധപൂര്‍വ്വമാണ്. അന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം.

ശാസ്ത്രീയയുക്തിബോധത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണത്തിന് ശക്തമായ തിരിച്ചടിയേറ്റതില്‍ പിന്നെ പാര്‍ട്ടിയിലും വിധിവിശ്വാസികളുടെ എണ്ണം പെരുകി വരികയായിരുന്നു. ശത്രുസംഹാരപൂജകൊണ്ട് വലിയ ഫലസിദ്ധി ഉണ്ടാകുമെന്ന് നേതാക്കള്‍ വിശ്വസിച്ചു.

എതിര്‍പാര്‍ട്ടിക്കാരെ നേരിടുന്നതിനേക്കാള്‍ വലിയ പ്രാധാന്യത്തോടെ എതിര്‍ഗ്രൂപ്പുകാരെ നേരിടണം. പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങിയിരുന്നു. സമ്പത്ത് കൂടുമ്പോള്‍ പേടിയും കൂടും. വലിയ വീടുകള്‍ പണിയുമ്പോള്‍ കക്കൂസിനുവരെ വാസ്തുനോക്കണമെന്നാവും. ഗണപതി ഹോമം കഴിക്കാതെ വീട്ടില്‍ പാര്‍ക്കാന്‍ വയ്യെന്നാവും. ജോത്സ്യന്‍മാരുടെ കൂടെ തീരുമാനപ്രകാരമാണ് മെയ് ഒമ്പത് തന്നെ തിരഞ്ഞെടുത്തത്.

ആഫ്രിക്കയിലെ സിയറി ലിയോണില്‍ ആഭ്യന്തരകലാപം പൊട്ടപ്പുറപ്പെട്ട ദിനങ്ങളുമായിരുന്നു അത്. അവിടുത്തെ വജ്രഖനികള്‍ കയ്യടക്കാനായി സാമ്രാജ്യത്വ കമ്പനികളാണ് വംശീയ സംഘര്‍ഷം സൃഷ്ടിച്ച് പാവപ്പെട്ട ജനങ്ങളെ ആയുധമണിയിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ മെയ് ഒമ്പതിന് കേന്ദ്രകമ്മിറ്റി മറ്റൊരു പത്രക്കുറിപ്പുകൂടി പുറത്തിറക്കി. സാമ്രാജ്യത്വം ദരിദ്രരാജ്യങ്ങളെ ആയുധീകരിക്കാന്നടത്തുന്ന ശ്രമങ്ങളെ ശക്തമായ ഭാഷിയില്‍ അപലപിക്കുന്നതായിരുന്നു അത്.

മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള തീവ്രവാദവും ഭീകരവാദവും സാമ്രാജ്യത്വത്തിന്റെ ആയുധകമ്പോളത്തെയാണ് സഹായിക്കുന്നത്. അത് ബഹുസ്വര സമൂഹത്തെ ശിഥിലമാക്കി രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്നു.

അതിനാല്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം തന്നെയായി പാര്‍ട്ടി തിരച്ചറിഞ്ഞു. ആഗസ്റ്റ് ഒമ്പതിനുതന്നെ കേന്ദ്രകമ്മിറ്റി ചേര്‍ന്നത് സാമ്രാജ്യത്വ വിരുദ്ധതയുടെ ഭാഗമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. അതോടൊപ്പം അദ്ദേഹത്തെ വീട്ടിലിരുത്താനുള്ള തീരുമാനവും വന്നു.

എന്നാല്‍ ഏകാന്ത തടവിന് അദ്ദേഹത്തെ ശിക്ഷിക്കുകയൊന്നുമായിരുന്നില്ല. മറിച്ച് തന്ത്രപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു പാര്‍ട്ടി. അദ്ദേഹം ജനങ്ങളോട് തീരെ സംസാരിക്കേണ്ടതില്ല എന്നല്ല. നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യേണ്ടതില്ല എന്നുമാത്രം.
ജനങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് നിലതെറ്റുന്നു.

അവരുടെ ഹര്‍ഷാരവങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയെ മറക്കുന്നു.ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അദ്ദേഹത്തിനു വീര്യം കൂടുന്നു.
എല്ലാറ്റിനും പരിഹാരം ഒന്നേയുള്ളൂ. പെരുത്ത ഏകാന്തതയിലേക്ക് അദ്ദേഹത്തെ തള്ളിമാറ്റുക. പാര്‍ട്ടിയെ മറികടന്ന് നേതാക്കള്‍ വളരുമ്പോഴാണ് പ്രത്യയശാസ്ത്രംവ്യക്തിവാദത്തിലേക്കു ചുരുങ്ങുന്നത്.

സാങ്കേതിത വിദ്യയിലുണ്ടായ എല്ലാകുതിപ്പുകളുടേയും സാധ്യതകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന് ലോകത്തോട് സംസാരിക്കാനായി അവസരമുണ്ടാകാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജൈവശബ്ദത്തെ അതിന്റെ സാങ്കേതിക പ്രക്ഷേപണങ്ങളിലൂടെ പാര്‍ട്ടിക്ക് ആവശ്യമാംവിധം വളയ്ക്കുകയോ ഒടിക്കുകയോ ആവാം. എഡിറ്റിങ്ങിന് അപാരമായ സാധ്യതകളുണ്ട്. ചിലപ്പോഴെങ്കിലും മോര്‍ഫിങ്ങിനും.

സാങ്കേതിക വിദ്യകളെക്കുറിച്ച് ഈയിടെയായി പാര്‍ട്ടി ഏറെ വാചാലമാവുന്നുണ്ട്. പല സാങ്കേതിക വിദ്യകളും കടന്നുവന്ന കാലത്ത് അതിനെതിരെ നിന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്ക് സമ്പാദിക്കേണ്ടിവന്നിരിക്കുന്നു. കേരളത്തിലെ വയലുകളില്‍ ആദ്യമിറങ്ങിയ ഉഴവുയന്ത്രം തല്ലിപ്പൊളിച്ചത് പാര്‍ട്ടിനേതൃത്വത്തിലാണ്. യന്ത്രങ്ങള്‍ തൊഴിലാളികളുടെ വരുമാനം കവര്‍ന്നെടുക്കുന്നു എന്ന കാരണത്താലാണ് അങ്ങിനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാലിപ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പാര്‍ട്ടി കാണുന്നു. തൊഴിലാളികളൊക്കെ ഉപേക്ഷിച്ചുപോയതിനാല്‍ തരിശായും കാടുപിടിച്ചും കിടക്കുന്ന വയലുകളാണവ.

വരമ്പുകളില്‍ ചെളിയില്ല
ഞണ്ടുകളുടെ മാളങ്ങളില്ല
വെളുത്ത മുട്ടകള്‍ക്കു മേലിരിക്കുന്ന ഞവുഞ്ഞികളില്ല.

പൊന്മാനുകളുടെ ദീനമാര്‍ന്ന കരച്ചിലുകള്‍ കേള്‍ക്കാറില്ല. തത്തകളും കൂരിയാറ്റകളും വയലുകളെ ഉപേക്ഷിച്ചുപോയി. നട്ടെല്ലുകണക്കെ ബലമാര്‍ന്ന വരമ്പുകളിലൂടെയാണ് വയലുകളെല്ലാം വയലില്‍ പണിയെടുക്കന്നവന എന്ന മുദ്രാവാക്യങ്ങളുമായി ജാഥകള്‍ കടന്നുപോയത്. അന്ന് ജാഥയിലെ മനുഷ്യരൊക്കെ അര്‍ദ്ധ നഗ്നന്‍മാരായിരുന്നു. ചെരിപ്പിടാത്ത അവരുടെ കാലുകളൊക്കെ ഒട്ടും ഭംഗിയില്ലാത്തവിധം പരന്നതായിരുന്നു.

വീണ്ടുപൊട്ടിയിരുന്നു. പക്ഷേ അവരുടെ ഞരമ്പുകളെല്ലാം വിശ്വാസം മുറുകി ബലമാര്‍ന്നതായിരുന്നു. വയല്‍ച്ചേറില്‍ മനുഷ്യരക്തം വീണ നാളുകളാണവ.

വര: സഗീര്‍

സ്വിസ്ബാങ്കില്‍ ഇന്ത്യന്‍ കള്ളപ്പണം 1456 ശതകോടി ഡോളര്‍

സുപ്രീംകോടതിയില്‍ വന്ന ഒരു കേസിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണം സജീവചര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരം പുറത്തുവിടാന്‍ കഴിയുകയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പറഞ്ഞത്. രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിദേശത്തു പണം നിക്ഷേപിച്ചിട്ടുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ഗവണ്മെന്റിന് ലഭിച്ചിട്ടുള്ളതെന്നും അവ പരസ്യപ്പെടുത്തുന്നത് കരാറിന്റെ ലംഘനമാവുമെന്നുമാണ് ഗവണ്മെന്റിന്റെ നിലപാട്. ഇന്ത്യക്കാരുടെ കള്ളപ്പള്ളം സംബന്ധിച്ച് വിദേശത്തുനിന്ന് ലഭിച്ച വിവരങ്ങള്‍ നികുതികാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍, അന്താരാഷ്ട്ര കരാറുകളിലെ ഭംഗിവാക്കുകളല്ല കോടതിയുടെ മുന്നിലുള്ള വിഷയമെന്ന് കള്ളപ്പണക്കേസിന്റെ പരിഗണനയില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിപ്രശ്‌നമായി പ്രശ്‌നത്തെ ലളിതവത്കരിക്കാന്‍ കഴിയില്ലെന്ന് ബി. സുദര്‍ശന്‍ റെഡ്ഡിയും ബി.എസ്. ചൗഹാനുമടങ്ങിയ ബെഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.

ജര്‍മനിയിലെ ലീഷന്‍സ്റ്റെയിനിലുള്ള എല്‍.ജി.ടി. ബാങ്കില്‍ നിക്ഷേപിച്ച 26 ഇന്ത്യക്കാരെ സംബന്ധിച്ച് ഗവണ്മെന്റിന് ലഭിച്ച വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജേഠ്മലാനി, സുഭാഷ് കാശ്യപ് (മുന്‍ ലോക്‌സഭാ സെക്രട്ടറി), കെ.പി.എസ്. ഗില്‍ (മുന്‍ പഞ്ചാബ് ഡി.ജി.പി.) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മുമ്പിലുള്ളത്. 26 പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതു പരസ്യപ്പെടുത്തരുത് എന്ന് ഗവണ്മെന്റ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. പരസ്യപ്പെടുത്താതെ അവര്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ എത്രത്തോളം ഫലപ്രദമായിരിക്കും എന്നു കണ്ടറിയണം. മാത്രവുമല്ല, കോടതി അഭിപ്രായപ്പെട്ടതുപോലെ വെറുമൊരു നികുതിപ്രശ്‌നമായി വിദേശത്തുള്ള കള്ളപ്പണത്തെ കാണാനാവുകയില്ല. ഭീകരപ്രവര്‍ത്തനങ്ങളും മയക്കുമരുന്നുകടത്തും ആയുധക്കടത്തും എല്ലാം കള്ളപ്പണ ചാനലിലൂടെ നടക്കുന്നുണ്ട്. കോടതി ചൂണ്ടിക്കാട്ടിയ ഭയപ്പെടുത്തുന്ന അന്തരീക്ഷം അതാണ്.

എല്‍.ജി.ടി. ബാങ്കിലെ നിക്ഷേപകരുടെ ലിസ്റ്റ് പുറത്തുവന്നത് അവിടത്തെ ഒരുദ്യോഗസ്ഥന്‍ രാജിവെച്ചശേഷം പുറത്തുവിട്ട വിവരങ്ങളിലാണ്. അയാള്‍ പുറത്തുവിട്ട 1400 പേരുകളിലാണ് ഇന്ത്യയിലെ 26 പേരുള്ളത്. ഇതില്‍ 18 പേരെ മാത്രമേ ഇന്ത്യാഗവണ്മെന്റിനു തിരിച്ചറിയാനായിട്ടുള്ളൂവത്രെ. മറ്റ് എട്ടുപേര്‍ ആരാണ്? ഭീകരപ്രവര്‍ത്തകരോ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ട് നാട്ടില്‍ വിലസുന്നവരോ? അല്ലെങ്കില്‍ത്തന്നെ ഇത് ഒരു ബാങ്കിന്റെ മാത്രം കാര്യം. ജര്‍മനിയിലേക്കാള്‍ കൂടുതല്‍ പണം സ്വിസ്ബാങ്കുകളിലും ചില ദ്വീപുരാജ്യങ്ങളിലുമാണ്.

സ്വിസ്ബാങ്ക് രേഖയനുസരിച്ച് 1456 ശതകോടി ഡോളറിന്റെ കള്ളപ്പണമാണ് ഇന്ത്യക്കാരുടേതായി അവിടെയുള്ളത്. രണ്ടാംസ്ഥാനം റഷ്യയ്ക്കാണ്; 470 ശതകോടി ഡോളര്‍. ബ്രിട്ടന്‍ 390 ശതകോടി ഡോളര്‍, ചൈന 96 ശതകോടി ഡോളര്‍. റഷ്യയുടെയും ചൈനയുടെയും ബ്രിട്ടന്റെയും കള്ളപ്പണ നിക്ഷേപം ഒന്നിച്ചുകൂട്ടിയാലും ഇന്ത്യയുടെ കള്ളപ്പണനിക്ഷേപത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല.

ഇത്രയും കള്ളപ്പണം എവിടെനിന്ന് എന്ന് അന്വേഷിക്കേണ്ടതില്ല. രാജ്യത്തെ കൊള്ളയടിച്ച പണം തന്നെ രാജ്യത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുന്ന അഴിമതിയുടെ വിഴുപ്പുഭാണ്ഡമാണ് വിദേശത്തെ ബാങ്കുകളില്‍ കിടക്കുന്നത്. സംശയിക്കേണ്ടതില്ല, ആ പണമാണ് ഇന്ത്യയുടെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും വ്യവസായികളുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളിലാണ് വിദേശത്ത് കള്ളപ്പണം ഒളിഞ്ഞുകിടക്കുന്നത്. രാജ്യത്തിന്റെ വിദേശ കടബാധ്യതയേക്കാള്‍ എത്രയോ കൂടുതലാണ് ഈ കള്ളപ്പണം.

ഓരോ വര്‍ഷവും 80,000-ത്തോളം പേര്‍ ഇന്ത്യയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുന്നുണ്ടത്രെ. ഇതില്‍ 25,000 പേര്‍ ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്നവരാണ്. പതിവായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?മിടുക്കന്മാര്‍ വിദേശത്ത് കള്ളപ്പണം കൊണ്ടിടുമ്പോള്‍ അതിനുകഴിയാത്തവര്‍ ഭൂമിയിലും കെട്ടിടങ്ങളിലും ബിനാമി ഇടപാടുകളിലുമാണ് പണമിടുന്നത്. 360 കോടി രൂപയുടെ അനധികൃത സ്വത്താണ് മധ്യപ്രദേശില്‍ കേവലം ഐ.എ.എസ്. ഓഫീസര്‍മാരായ അരവിന്ദ് ജോഷി, ടിനു ജോഷി എന്നിവരില്‍നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ഈ പണം വിദേശത്തായിരുന്നെങ്കില്‍ ആരും അറിയാന്‍പോകുന്നില്ല. കൈക്കൂലികൊണ്ട് ഇത്രയുമൊക്കെ കാശുണ്ടാക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു ജൂനിയര്‍ എന്‍ജിനീയര്‍ ഒരുമാസം അഞ്ചുപത്തുലക്ഷം രൂപ കൈക്കൂലി വാങ്ങും. മുകളിലേക്ക് കൊടുത്തതിനു ശേഷമുള്ള കള്ളപ്പണമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാല്‍പ്പോലും ഫലമില്ലെന്നതാണ് ഈ ലേഖകന്റെ നേരിട്ടുള്ള അനുഭവം. പണമാണ് ഇവിടെ ഭരിക്കുന്നത്. അതുകൊണ്ടാണ് കള്ളപ്പണം കുന്നുകൂടുന്നത്. ഡല്‍ഹി നഗരത്തില്‍ കള്ളപ്പണമില്ലാതെ ഒരു ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ കഴിയില്ല. ആര്‍ക്കും തന്നെ മുഴുവന്‍ വില കണക്കില്‍ കാണിക്കാന്‍ താത്പര്യമില്ല. നല്ല പണത്തേക്കാള്‍ കള്ളപ്പണമാണ് സ്വാധീനം. 2 ജി സ്‌പെക്ട്രം വില്പനകൊണ്ട് രാജയും ഡി.എം.കെ.യുമുണ്ടാക്കിയ പണം എവിടെപ്പോയി എന്നന്വേഷിക്കുന്നവര്‍ വിഡ്ഢികള്‍. പാവം ജയലളിത അവിടെയും ഇവിടെയുമൊക്കെ ഭൂമി വാങ്ങിയതിന് കഷ്ടപ്പെടുകയാണ്. ആ പണമെല്ലാം വല്ല സ്വിസ് ബാങ്കിലുമായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെട്ടേനെ.

1,500
ശതകോടിയോളം ഡോളര്‍ സ്വിസ് ബാങ്കിലുള്ള ഇന്ത്യയെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. ആ പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നാല്‍ 24 മണിക്കൂറിനകം ഇന്ത്യയുടെ വിദേശകടം അവസാനിക്കും. ഇപ്പോഴത്തെ നികുതിഭാരം തന്നെ കുറയ്ക്കാന്‍ കഴിയും. രണ്ടാം യു.പി.എ. അധികാരത്തില്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് നടത്തിയ 100 ദിവസ പരിപാടിയില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നതാണ്. ഇക്കഴിഞ്ഞ എ.ഐ.സി.സി. സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല എന്നാണ്. എന്നാല്‍ കിട്ടിയ 26 കള്ളപ്പണക്കാരുടെ പേരുകള്‍ പോലും പരസ്യമാക്കുന്നില്ല. കാത്തിരിക്കാം നമുക്ക്. പുതിയ വിവരസാങ്കേതിക വിദ്യാസ്‌ഫോടനത്തില്‍ അധികമൊന്നും ഒളിച്ചുനില്ക്കാന്‍ ആര്‍ക്കും കഴിയില്ല.

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച


ലാവലിന്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ ???

പിണറായിയെ ഏതുവിധേനയും സംരക്ഷിക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വ്യാപകമായ പ്രചാരണത്തിന്‌ പാര്‍ട്ടി തയ്യാറാകുകയാണ്‌. ജനങ്ങളുടെ പണമാണിവിടെ നഷ്‌ടമായിരിക്കുന്നത്‌. അതിലാരാണ്‌ കുറ്റക്കാരെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടല്ലോ ?
സി.ആര്‍. നീലകണ്‌ഠന്‍
ഏറെ വര്‍ഷങ്ങളായി കേരളത്തിലെ സി.പി.എമ്മിനകത്ത്‌ നിലനി'ുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം തേടി രണ്ടുദിവസം നീണ്ടുനിന്ന പി.ബി., കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ക്കൊടുവില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആകെയുണ്ടായത്‌ വി.എസ്‌. അച്യുതാനന്ദന്‌ ഒരു തരംതാഴ്‌ത്തല്‍ മാത്രം. അത്‌ അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍, ലാവലിന്‍ ഇടപാടില്‍ പിണറായി വിജയന്‍ കുറ്റവാളിയല്ലെന്നുള്ള വിശദീകരണം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതുതന്നെയായിരുന്നു. ഫിബ്രവരി 14ന്‌ പ്രകാശ്‌ കാരാട്ട്‌ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയിരുന്നു. അത്‌ കേന്ദ്രകമ്മിറ്റിയോ പി.ബി.യോ വിഷയം വിശദമായി ചര്‍ച്ചനടത്തിയിട്ടായിരുന്നില്ലെന്ന്‌ ഇപ്പോള്‍ വ്യക്തമായി. കാരണം, ഈ യോഗത്തില്‍ രണ്ടുദിവസവും പ്രധാന ചര്‍ച്ചാവിഷയമായത്‌ ലാവലിന്‍തന്നെയായിരുന്നുവെന്നതാണത്‌. മുമ്പെല്ലാം ഇതൊരു 'കേരളവിഷയം' എന്ന നിലയില്‍ മാത്രം ചര്‍ച്ചചെയ്യപ്പെട്ടതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഈ വിഷയം ഗൗരവമായി പഠിച്ചിരുന്നില്ല. ലാവലിന്‍ സംബന്ധിച്ച രേഖകളടങ്ങിയ പുസ്‌തകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷ പല കേന്ദ്രനേതാക്കള്‍ക്കും നേരിട്ടു നല്‍കാന്‍ അവസരമുണ്ടായപ്പോള്‍ നടത്തിയ കൂടിക്കാഴ്‌ചകളില്‍ അവര്‍തന്നെ ഇക്കാര്യം സമ്മതിച്ചതുമാണ്‌. വി.എസ്‌. വീണ്ടും വീണ്ടും ശക്തമായി പ്രശ്‌നം ഉന്നയിക്കുകയും ഒരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തുകയും ചെയ്‌തപ്പോള്‍ മാത്രമാണ്‌ തങ്ങള്‍ ഇത്‌ ഗൗരവമായി പഠിക്കാന്‍ ശ്രമിച്ചത്‌ എന്ന്‌ പല അന്യസംസ്ഥാനനേതാക്കളും പറഞ്ഞു. കേരളത്തില്‍നിന്നുള്ള അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും പിണറായി വിജയന്റെ കൈപ്പിടിയില്‍ ഉള്ളവരായതിനാല്‍ അവരുടെ നിലപാട്‌ എന്താകുമെന്നറിയാന്‍ ബുദ്ധിമുട്ടില്ലല്ലോ. അതെന്തായാലും പി.ബി.യിലും കേന്ദ്രകമ്മിറ്റിയിലും ലാവലിന്‍ വീണ്ടും സജീവ ചര്‍ച്ചയ്‌ക്ക്‌ വിധേയമായി എന്നതുതന്നെ വലിയൊരു നേട്ടമാണ്‌. പിണറായിയെ ഏതുവിധേനയും സംരക്ഷിക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച്‌ കേരളത്തില്‍ വ്യാപകമായ പ്രചാരണത്തിന്‌ പാര്‍ട്ടി തയ്യാറാകുകയാണ്‌. ലാവലിന്‍ കേവലം ഒരു പാര്‍ട്ടി വിഷയമല്ല, പാര്‍ട്ടി കമ്മിറ്റി തീരുമാനിച്ചുവെന്ന ഒറ്റക്കാരണത്താല്‍ കേരളത്തിലെ ജനങ്ങള്‍ അതംഗീകരിക്കുമെന്നു കരുതാനുമാവില്ല. ജനങ്ങളുടെ പണമാണിവിടെ നഷ്‌ടമായിരിക്കുന്നത്‌. അതിലാരാണ്‌ കുറ്റക്കാരെന്നറിയാന്‍ ജനങ്ങള്‍ക്കവകാശമുണ്ടല്ലോ. ഈ സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച ചില സുപ്രധാന ചോദ്യങ്ങള്‍ ഉയര്‍ത്താനാണിവിടെ ശ്രമിക്കുന്നത്‌. പാര്‍ട്ടി നേതൃത്വം ജനാധിപത്യരീതിയില്‍ ഇതിനോട്‌ പ്രതികരിക്കുമെന്ന പ്രതീക്ഷയുണ്ടായതുകൊണ്ടല്ല, പാര്‍ട്ടി അണികളും ജനങ്ങളും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്ന്‌ തിരിച്ചറിയണമെന്ന പ്രതീക്ഷയോടെയാണ്‌ ഇവ ഉന്നയിക്കുന്നത്‌. ഒന്ന്‌: ലാവലിന്‍ കേസ്‌ രാഷ്ട്രീയപ്രേരിതമാണെന്ന വാദം ഇപ്പോഴും ഉന്നയിക്കുന്നുണ്ടോ? കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പ്രസ്‌താവനയില്‍ ഇതില്ല. ഹൈക്കോടതി വിധിപ്രകാരം കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണം കോണ്‍ഗ്രസ്സും യു.ഡി.എഫും നടത്തിയ ഗൂഢാലോചനയാണോ? കാര്‍ത്തികേയനെതിരെ പുനരന്വേഷണം വേണമെന്ന കോടതി നിലപാടിനെ അംഗീകരിക്കുന്നു പാര്‍ട്ടിയെങ്കില്‍ പിണറായിക്കെതിരായ കുറ്റപത്രം സ്വീകരിച്ച കോടതി നിലപാടിനെയും അംഗീകരിക്കേണ്ടതില്ലേ? പ്രശ്‌നത്തെ വലതുപക്ഷ ഗൂഢാലോചനയാക്കി അവതരിപ്പിച്ച്‌ ഇടതുപക്ഷത്തുള്ളവരെ കൂടെ നിര്‍ത്താനുള്ള കപടതന്ത്രം മാത്രമല്ലേ ഇത്‌? കാര്‍ത്തികേയനു പങ്കുണ്ടെങ്കില്‍ അതും പുറത്തുവരട്ടെയെന്നല്ലേ സാധാരണ ജനങ്ങള്‍ ആഗ്രഹിക്കുക? രണ്ട്‌: കരാര്‍ യു.ഡി.എഫ്‌. ഒപ്പിട്ടതാണെന്നും തങ്ങള്‍ വെറും ഒരനുബന്ധം ചേര്‍ക്കുക മാത്രമാണുണ്ടായതെന്നും പറയുന്നത്‌ തെറ്റല്ലേ? പാരീസില്‍ പോയി കേസ്‌ നടത്തേണ്ടിവരുമായിരുന്നു ഇങ്ങനെ ചെയ്‌തില്ലെങ്കില്‍ എന്നു പറഞ്ഞത്‌ അസത്യമല്ലേ? 1998 ജൂലായില്‍ പിണറായി വിജയന്‍ കാനഡയിലെ ഇ.ഡി.സി.യുമായി വായ്‌പക്കരാര്‍ ഒപ്പിട്ടശേഷം മാത്രമല്ലേ യു.ഡി.എഫിന്റെ കരാര്‍ പ്രാബല്യത്തിലായത്‌? (കണ്‍സള്‍ട്ടന്‍സി കരാര്‍ 13-ാം വകുപ്പ്‌) അന്നുവരെ ഈ കരാര്‍ ലംഘിച്ചാല്‍ ഒരു ആര്‍ബിട്രേഷനും കേസും ഇല്ലായിരുന്നുവെന്നതല്ലേ സത്യം? യു.ഡി.എഫ്‌. കരാര്‍ 24 കോടിയുടേതും എല്‍.ഡി.എഫ്‌. കരാര്‍ 243 കോടിയുടേതുമായിരുന്നില്ലേ? യു.ഡി.എഫ്‌. കരാര്‍ ഇന്ത്യന്‍ നിയമങ്ങളനുസരിച്ചുള്ളതും എല്‍.ഡി.എഫ്‌. ഒപ്പിട്ട വായ്‌പക്കരാര്‍ കാനഡയിലെ ഒണ്‍ടേറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ക്കനുസരിച്ചുമല്ലേ? ഈ വ്യവസ്ഥയെ അന്നത്തെ ധനകാര്യവകുപ്പ്‌ ഉദ്യോഗസ്ഥരും മന്ത്രി ടി. ശിവദാസമേനോനും എതിര്‍ത്തിരുന്നില്ലേ? ഒരു പരമാധികാരരാജ്യത്തിനു ചേരാത്ത വ്യവസ്ഥയാണിതെന്ന്‌ ഇവര്‍ ഫയലില്‍ എഴുതിയില്ലേ? അന്താരാഷ്ട്ര കരാറായതിനാല്‍ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തികകാര്യ നിയമവകുപ്പുകളുടെ അഭിപ്രായം തേടണമെന്നിവര്‍ എഴുതിയില്ലേ? ഇതെല്ലാം ചെയ്‌തിരുന്നുവോ? മൂന്ന്‌: ലാവലിന്‍ കമ്പനി ടെന്‍ഡര്‍ നടപടികള്‍ എടുക്കണമെന്നല്ലേ യു.ഡി.എഫ്‌. കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നത്‌? അവര്‍ക്ക്‌ സാമഗ്രികള്‍ നല്‌കാനുള്ള കരാര്‍ നല്‌കണമെന്ന്‌ യു.ഡി.എഫ്‌. കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നോ? (അങ്ങനെയെങ്കില്‍ ടെന്‍ഡര്‍ നടപടികള്‍ പറയില്ലല്ലോ) യഥാര്‍ഥത്തില്‍ എല്‍.ഡി.എഫ്‌. ചെയ്‌തത്‌ യു.ഡി.എഫ്‌. കരാറിന്റെ നിഷേധമല്ലേ? ഇ.ഡി.സി.യില്‍നിന്ന്‌ വായ്‌പയെടുത്താല്‍പ്പോലും ആഗോള ടെന്‍ഡര്‍ ഒഴിവാക്കി കാനഡയില്‍ ടെന്‍ഡര്‍ ചെയ്യാമായിരുന്നില്ലേ? ഇതൊന്നുമില്ലെങ്കിലും സാമഗ്രികള്‍ അവയുണ്ടാക്കുന്ന കമ്പനികളില്‍നിന്ന്‌ (ആല്‍സ്‌തോം) നേരിട്ട്‌ വാങ്ങാമായിരുന്നില്ലേ? അങ്ങനെവന്നാല്‍ ലാവലിന്‍ എന്ന 'ഇടനിലക്കാരനെ' ഒഴിവാക്കാമായിരുന്നില്ലേ? ബോഫോഴ്‌സില്‍ സി.പി.എം. ഉന്നയിച്ച ഏറ്റവും പ്രധാന ആരോപണം ഇടനിലക്കാര്‍ വഴി തോക്കുവാങ്ങിയെന്നും അതുമൂലം രാജ്യത്തിന്‌ പണനഷ്‌ടവും (കൂടിയവില, ഏജന്‍സിക്കമ്മീഷന്‍) അഴിമതിയും നടന്നുവെന്നുമല്ലേ? ഇവിടെയും ഇതാകാമായിരുന്നില്ലേ? ഇതിനെല്ലാംപുറമെ ഇതെല്ലാം യു.ഡി.എഫ്‌. കരാറിലുണ്ടെന്നു വാദിച്ചാല്‍ത്തന്നെ, അതൊഴിവാക്കാന്‍ സി.പി.എമ്മിന്‌ ബാധ്യതയില്ലേ? കുറ്റിയാടി പദ്ധതി ഇതുപോലെ നടത്തിയതാണെന്ന ന്യായീകരണത്തിനും അര്‍ഥമില്ല. അതു തെറ്റെങ്കില്‍ അതും അന്വേഷിക്കട്ടെ. (പക്ഷേ, പിണറായി കുടുങ്ങിയപ്പോള്‍ മാത്രം കുറ്റിയാടി പദ്ധതി അന്വേഷിക്കണമെന്ന്‌ തോമസ്‌ ഐസക്കിനു ബോധോദയമുണ്ടായി എന്നത്‌ വിചിത്രമല്ലേ? പദ്ധതി നടപ്പാക്കിയശേഷം രണ്ട്‌ പ്രാവശ്യമായി എട്ടുവര്‍ഷം കേരളം ഭരിച്ചിട്ടും ഒരിക്കലും ഇത്‌ തോന്നാതിരുന്നതെന്തുകൊണ്ട്‌?) നാല്‌: കരാറിലെ വിലകള്‍ ആരാണ്‌ നിശ്ചയിച്ചത്‌? യു.ഡി.എഫ്‌. കരാറില്‍ ലാവലിന്‍ എഴുതിച്ചേര്‍ത്ത കേവലം ഒരു ഏകദേശ അടങ്കല്‍ മാത്രമായിരുന്നു അത്‌. അത്‌ പരിശോധിക്കണമെന്നും ടെന്‍ഡര്‍ നടത്തി വില കുറയ്‌ക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നില്ലേ? കരാര്‍ ഒപ്പിട്ട്‌ (1997 ഫിബ്രവരി 10) എട്ടുമാസങ്ങള്‍ക്ക്‌ ശേഷമല്ലേ എന്‍.എച്ച്‌.പി.സി.ക്ക്‌ വില പരിശോധനയ്‌ക്കായി നല്‌കിയത്‌? സാങ്കേതിക വിശദാംശങ്ങള്‍ ഇല്ലാത്തതിനാല്‍ അവ നല്‌കാന്‍ എന്‍.എച്ച്‌.പി.സി. ആവശ്യപ്പെട്ടില്ലേ? അത്‌ കെ.എസ്‌.ഇ.ബി.യുടെ കൈവശം ഇല്ലാത്തതിനാല്‍ ലാവലിനോട്‌ ചോദിച്ചപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്നവര്‍ പറഞ്ഞില്ലേ? പദ്ധതിയുടെ വില പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബോര്‍ഡ്‌ എന്‍ജിനീയര്‍ സുബൈദയുടെ നേതൃത്വത്തിലുള്ള സമിതി ഇത്‌ വളരെ ഉയര്‍ന്ന വിലയാണെന്ന്‌ എഴുതിയില്ലേ? ഇക്കാര്യം പൂഴ്‌ത്തിവെക്കുകയായിരുന്നില്ലേ? അഞ്ച്‌: ഈ വില എല്‍.ഡി.എഫ്‌. കുറച്ചുവെന്നത്‌ അസത്യമല്ലേ? ലാവലിന്‍ ഇട്ട വിലയനുസരിച്ച്‌ നല്‍കേണ്ട നിരവധി സാമഗ്രികള്‍ (ട്രാന്‍സ്‌ഫോര്‍മര്‍, സ്വിച്ച്‌ഗിയര്‍, കേബിള്‍ മുതലായവ) ഇന്ത്യയില്‍നിന്ന്‌ ബോര്‍ഡ്‌ നേരിട്ട്‌ വാങ്ങാന്‍ തീരുമാനിച്ചതിന്റെ വിലക്കുറവല്ലേ ഉണ്ടായത്‌? ടെന്‍ഡര്‍ നടപടികളും പദ്ധതി മേല്‍നോട്ടവും നടത്താത്ത ലാവലിന്‌ കണ്‍സള്‍ട്ടന്‍സി ഫീസായി 17 കോടി രൂപ നല്‍കിയത്‌ അനാവശ്യമല്ലേ? (സി.എ.ജി. ഇത്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.) വിദേശ വിനിമയനിരക്കിലെ മാറ്റംകൂടി പരിഗണിച്ചാല്‍ ഫലത്തില്‍ പലിശനിരക്ക്‌ 18.6 ശതമാനമാണെന്ന്‌ ധനകാര്യ സെക്രട്ടറി ഡോ. അബ്രഹാം എഴുതിയില്ലേ? 14 ശതമാനം നിരക്കില്‍ വായ്‌പ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പവര്‍ ഫൈനാന്‍സിങ്‌ കോര്‍പ്പറേഷന്‍ തയ്യാറായിരുന്നില്ലേ? ആ വായ്‌പയ്‌ക്ക്‌ 3-4 ശതമാനം പലിശ സബ്‌സിഡി നല്‍കുമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതല്ലേ. 10-11 ശതമാനം പലിശയ്‌ക്ക്‌ യാതൊരു ചരടുകളുമില്ലാതെ ഇന്ത്യയില്‍നിന്ന്‌ വായ്‌പ കിട്ടാനുള്ളപ്പോള്‍ 18.6 ശതമാനത്തിന്‌ ചരടുകളുള്ള വിദേശവായ്‌പയ്‌ക്ക്‌ പോയത്‌ സി.പി.എം. നയത്തിനനുസരിച്ചാണോ? ആറ്‌: പാര്‍ട്ടിയുടെ സമുന്നതനേതാവായ ഇ. ബാലാനന്ദന്റെ നേതൃത്വത്തില്‍ വിദഗ്‌ധരും വിവിധ സംഘടനാനേതാക്കളുമടങ്ങിയ സമിതിയെ കേരളസര്‍ക്കാര്‍ നിയമിച്ചതല്ലേ? ആ സമിതി വിവിധ പദ്ധതികളെപ്പറ്റിയും ലാവലിന്‍ നല്‍കിയ നിര്‍ദേശങ്ങളെക്കുറിച്ചും വിശദമായി പഠിച്ച്‌ നല്‍കിയ റിപ്പോര്‍ട്ട്‌ അവഗണിച്ച്‌ ഒരാഴ്‌ചയ്‌ക്കകം ലാവലിനുമായി കരാറൊപ്പിടാന്‍ ധൃതികൂട്ടിയതെന്തിന്‌? ലാവലിന്‍ നിര്‍ദേശിച്ച നവീകരണപ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ യാതൊരു നേട്ടവുമില്ലെന്നും പകരം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭെല്ലില്‍നിന്ന്‌ 100 കോടിക്കുള്ള നവീകരണം നടത്തണമെന്നും വ്യക്തമായി സമിതി നിര്‍ദേശിച്ചതല്ലേ? ഈ നിര്‍ദേശം തള്ളാന്‍ ഏതു പാര്‍ട്ടിക്കമ്മിറ്റിയാണ്‌ തീരുമാനിച്ചത്‌? പി.ബി. അംഗമാണല്ലോ സമിതി ചെയര്‍മാന്‍. ഇപ്പോള്‍ ലെനിനിസ്റ്റ്‌ തത്ത്വങ്ങളെപ്പറ്റി പ്രസംഗിക്കുന്നവര്‍ അന്നിത്‌ മറന്നുപോയോ? കേരളത്തിലെ 'കടുത്ത വൈദ്യുതിക്ഷാമം' പരിഗണിച്ചാണ്‌ തിരക്കിട്ട്‌ തീരുമാനിച്ചതെന്ന്‌ പറയുന്നതിലും അര്‍ഥമില്ല. ഈ കരാര്‍ ഒപ്പിട്ട്‌ 16 മാസം കഴിഞ്ഞു മാത്രമാണ്‌ വായ്‌പക്കരാര്‍ ഒപ്പിട്ടത്‌...! അപ്പോള്‍ തിരക്ക്‌ ലാവലിനുമായുള്ള ഇടപാട്‌ ഉറപ്പിക്കാനായിരുന്നില്ലേ? ഏഴ്‌: ഈ നവീകരണംകൊണ്ട്‌ അധികവൈദ്യുതോത്‌പാദനം സാധ്യമാവില്ലെന്ന ബാലാനന്ദന്‍ സമിതി റിപ്പോര്‍ട്ട്‌ സത്യമാണെന്നു തെളിഞ്ഞില്ലേ? നവീകരണത്തിനുശേഷം വന്‍ ഉത്‌പാദനവര്‍ധനയുണ്ടായെന്ന കള്ളക്കണക്കുകള്‍ പൊളിക്കുന്ന സി.പി.ആര്‍.ഐ. പഠനറിപ്പോര്‍ട്ട്‌ ഇവര്‍ കണ്ടില്ലേ? എല്ലാ രേഖകളും പഠിച്ചശേഷം നവീകരണപദ്ധതി നേട്ടമുണ്ടാക്കിയില്ലെന്ന്‌ 20 പ്രധാന തെളിവുകള്‍ നിരത്തി സി.പി.ആര്‍.ഐ. സ്ഥാപിച്ചില്ലേ? മഴകുറഞ്ഞതിനാലാണ്‌ ഉത്‌പാദനം കുറഞ്ഞതെന്ന ലാവലിന്റെ വിശദീകരണം വന്നപ്പോഴെങ്കിലും 'അധിക ഉത്‌പാദനം' എന്ന കള്ളപ്രചാരണം അവസാനിപ്പിക്കേണ്ടതല്ലേ? പന്നിയാറിലെ തുരുമ്പുപിടിച്ച പെന്‍സ്റ്റോക്കും (വെള്ളം കൊണ്ടുവരുന്ന പൈപ്പ്‌) അതിലെ വാല്‍വുകളും മാറ്റാനെങ്കിലും ലാവലിന്‍ തയ്യാറായിരുന്നെങ്കില്‍ അവിടെ നടന്ന വന്‍ദുരന്തം ഒഴിവാക്കാനാവുമായിരുന്നില്ലേ? നഷ്‌ടപ്പെട്ട മനുഷ്യജീവനുകളെങ്കിലും രക്ഷിക്കാമായിരുന്നില്ലേ? എട്ട്‌: മന്ത്രിസഭയില്‍നിന്ന്‌ ഒട്ടനവധി കാര്യങ്ങള്‍ മറച്ചുപിടിച്ചുവെന്ന കാര്യം ഇന്നു പകല്‍പോലെ വ്യക്തമായില്ലേ? 1997 ഫിബ്രവരി 10ന്‌ ലാവലിനുമായി കരാര്‍ ഒപ്പിട്ട കാര്യം 1998 ജനവരിയില്‍ ചേര്‍ന്ന മന്ത്രിസഭയെപ്പോലും അറിയിച്ചില്ല. പദ്ധതി നടപ്പാക്കിയാല്‍ 98 കോടിയുടെ ഗ്രാന്റ്‌ കിട്ടുമെന്ന്‌ ഉറപ്പാണെന്ന്‌ മന്ത്രിസഭയെ ബോധ്യപ്പെടുത്തിയില്ലേ? (എന്നാല്‍, ഗ്രാന്റിനുള്ള കരാര്‍ ഇതോടൊപ്പം തയ്യാറാക്കണമെന്ന ബോര്‍ഡ്‌ സെക്രട്ടറി ശ്രീമതി വിശ്വമണിയുടെ നിര്‍ദേശം മന്ത്രിസഭയെ അറിയിച്ചതുമില്ല.) 1995-ല്‍ത്തന്നെ ധാരണാപത്രം റൂട്ട്‌ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും ലാവലിന്‍ നിരക്കുകള്‍ വളരെ ഉയര്‍ന്നതാണെന്ന സുബൈദ കമ്മിറ്റി കണ്ടെത്തലും സോപാധികമായാണ്‌ എന്‍.എച്ച്‌.പി.സി. വില അംഗീകരിച്ചതെന്ന കാര്യവും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടും കരാര്‍വ്യവസ്ഥകള്‍ക്കെതിരായി ധനകാര്യവകുപ്പ്‌ എഴുതിയ കാര്യങ്ങളുമടക്കം നിരവധി കാര്യങ്ങള്‍ മറച്ചുവെച്ചു. ആ മന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത അന്നത്തെ ചീഫ്‌ സെക്രട്ടറി സി.പി. നായരും മന്ത്രിസഭാകുറിപ്പ്‌ തയ്യാറാക്കിയ സുധീര്‍ ചന്ദ്രനും ഇക്കാര്യങ്ങള്‍ സി.ബി.ഐ.ക്ക്‌ മൊഴി നല്‌കിയിട്ടില്ലേ? ഒന്‍പത്‌: പിണറായി നേരിട്ട്‌ പണം വാങ്ങിയെന്നതിനു തെളിവില്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കാന്‍ മാത്രമുള്ളതല്ലേ? വിവരങ്ങള്‍ മറച്ചുപിടിച്ചതും ഈ പദ്ധതിക്കായി ഗൂഢാലോചന നടത്തിയതും വ്യക്തമായി തെളിഞ്ഞിരിക്കുകയല്ലേ? നേരിട്ട്‌ പണം വാങ്ങിയതിനു തെളിവുണ്ടെങ്കില്‍ മാത്രമേ പ്രതിയാക്കപ്പെടാവൂ എന്നുണ്ടെങ്കില്‍ ബ്രഹ്മപുരം കേസില്‍ സി.വി. പത്മരാജനോ ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്‌ണപിള്ളയോ പാമോലിന്‍ കേസില്‍ കെ. കരുണാകരനോ പ്രതികളാക്കപ്പെടില്ല. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ പണം ചെലവഴിക്കുമ്പോള്‍ നാടിനു നഷ്‌ടം വരുത്തുന്നരീതിയില്‍ തീരുമാനമെടുക്കുന്ന അധികാരികള്‍, ക്രമക്കേടു നടത്തിയെന്നു കണ്ടെത്തിയാല്‍ അവരെ പ്രതികളാക്കണമെന്നതാണ്‌ നിയമം. അതനുസരിച്ച്‌ മറ്റുള്ളവരെപ്പോലെ പിണറായിയും പ്രതിതന്നെയാണ്‌. പിണറായി ഒരു കമ്യൂണിസ്റ്റ്‌ നേതാവാണെന്നത്‌ പ്രശ്‌നത്തെ കൂടുതല്‍ ഗൗരവതരമാക്കുന്നില്ലേ? മറ്റു നേതാക്കള്‍ തങ്ങളുടെ നേരെയുള്ള അഴിമതിയാരോപണങ്ങളെ നേരിട്ട ജനാധിപത്യരീതിയിലെങ്കിലും പിണറായിയും പാര്‍ട്ടിയും പ്രതികരിക്കേണ്ടതായിരുന്നില്ലേ? അതിനു പകരം പ്രശ്‌നം ഉന്നയിക്കുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കാനും അവരെ പാര്‍ട്ടി സംഘടന ഉപയോഗിച്ച്‌ ശിക്ഷിക്കാനും ശ്രമിച്ചതു ശരിയോ? സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ സി.ബി.ഐ. അന്വേഷണം തടയാന്‍ കേസ്‌ വാദിച്ചത്‌ തെറ്റായിരുന്നില്ലേ? പത്ത്‌: മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള ഗ്രാന്റിനുള്ള ധാരണാപത്രം എല്‍.ഡി.എഫ്‌. അധികാരത്തിലിരുന്ന മൂന്നുവര്‍ഷവും കരാറാക്കി മാറ്റാതിരുന്നതെന്തുകൊണ്ട്‌? പൊക്രാന്‍ സ്‌ഫോടനമാണ്‌ കാരണമെന്ന വാദം ബാലിശമല്ലേ? സ്‌ഫോടനം നടന്നതിനുശേഷമല്ലേ വായ്‌പക്കരാര്‍ ഒപ്പിട്ടത്‌? അതിനില്ലാത്ത തടസ്സം ഗ്രാന്റ്‌ കരാറിനുണ്ടായതെങ്ങനെ? കരാറുണ്ടാക്കാന്‍ ഇടതുസര്‍ക്കാര്‍ എന്തു നടപടികളാണ്‌ സ്വീകരിച്ചത്‌? ധാരണാപത്രം ഓരോതവണയും പുതുക്കാന്‍ വരുമ്പോള്‍ വെള്ളം ചേര്‍ത്തിരുന്നുവെന്ന വൈദ്യുതിമന്ത്രി എസ്‌. ശര്‍മയുടെ നിലപാട്‌ പാര്‍ട്ടി കണ്ടില്ലേ? ലാവലിന്‍ ഇടപാടില്‍ ഗ്രാന്റ്‌ കിട്ടാത്തതിനു കാരണം യു.ഡി.എഫാണെന്ന വാദത്തിന്‌ എന്തടിസ്ഥാനമുണ്ട്‌? മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലാവലിന്‍ നല്‌കാമെന്നേറ്റിരുന്നത്‌ 12 കോടി രൂപയാണെന്നും അത്‌ നല്‌കിക്കഴിഞ്ഞുവെന്നും കാനഡയിലെ ഹൈക്കമ്മീഷണര്‍ 2005-ല്‍ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്‌ എഴുതിയ കത്ത്‌ നിങ്ങള്‍ കണ്ടില്ലേ? ഇതു സത്യമെങ്കില്‍ 98 കോടി ഗ്രാന്റ്‌ എന്നത്‌ പൊള്ളയായ വാഗ്‌ദാനം മാത്രമായിരുന്നില്ലേ? ഇവിടെ ചതിച്ചത്‌ ലാവലിനോ അതോ വായ്‌പ വാങ്ങാനും ലാവലിനു സപ്ലൈ കരാര്‍ നല്‌കാനും തയ്യാറായ എല്‍.ഡി.എഫ്‌. സര്‍ക്കാറോ? ഇതറിയാന്‍ ജനങ്ങള്‍ക്കവകാശമില്ലേ? പതിനൊന്ന്‌: കാന്‍സര്‍ സെന്ററിനു നല്‌കിയെന്ന്‌ ലാവലിന്‍ പറയുന്ന പണം എങ്ങനെയാണ്‌ വന്നത്‌? ബോര്‍ഡിനു നലേ്‌കണ്ട പണം എങ്ങനെ ഒരു സ്വകാര്യ സ്ഥാപനമായ ടെക്‌നിക്കാലിയയ്‌ക്കു നല്‌കി? സര്‍ക്കാര്‍ പണം സ്വീകരിക്കാനും സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മാണം നടത്താനും ആരാണ്‌ ടെക്‌നിക്കാലിയയെ ചുമതലപ്പെടുത്തിയത്‌? ബോര്‍ഡാണോ? സര്‍ക്കാറാണോ? കാന്‍സര്‍ സെന്റാണോ? ലാവലിന്‍ ഈ പണം നല്‌കിയതിന്‌ എന്തു രേഖയാണ്‌ സര്‍ക്കാര്‍ വശമുള്ളത്‌? ടെക്‌നിക്കാലിയയുടെ ബാങ്ക്‌ അക്കൗണ്ട്‌ പരിശോധിച്ച സി.ബി.ഐ. കണ്ടെത്തിയത്‌ ലാവലിനില്‍നിന്ന്‌ അവര്‍ക്കു കിട്ടിയത്‌ ഒരു കോടിയില്‍ താഴെ രൂപ മാത്രമാണെന്നല്ലേ? ബാക്കി എങ്ങനെ വന്നു? കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണകാലത്ത്‌ ഇതൊന്നന്വേഷിക്കാന്‍ പോലും ഇടതു സര്‍ക്കാര്‍ (പാര്‍ട്ടിയെങ്കിലും) തയ്യാറാകാതിരുന്നതെന്തുകൊണ്ട്‌? പന്ത്രണ്ട്‌: ഗ്രാന്റ്‌ തുക പദ്ധതിയുമായി ബന്ധപ്പെട്ടതല്ലെന്നുള്ള പാര്‍ട്ടി നേതാക്കളുടെ പ്രസ്‌താവന അസത്യമല്ലേ? 30 രേഖകളെങ്കിലും പറയുന്നത്‌ ഈ ഗ്രാന്റ്‌ നവീകരണപദ്ധതിയുടെ ഭാഗമാണെന്നല്ലേ? ഗ്രാന്റ്‌ തുകയുള്ളതുകൊണ്ട്‌ മാത്രമല്ലേ, ലാവലിന്‍ വില സ്വീകാര്യമാണെന്ന്‌, പരിഗണിക്കാമെന്ന്‌ എന്‍.എച്ച്‌.പി.സി. പറഞ്ഞത്‌. ഇപ്പോള്‍ ഇങ്ങനെ പറയുന്നത്‌ തടി രക്ഷിക്കാന്‍ മാത്രമല്ലേ? പതിമ്മൂന്ന്‌: സി.പി.എമ്മിന്റെ പ്രഖ്യാപിത നയങ്ങളുടെയെല്ലാം ലംഘനമല്ലേ ഈ ഇടപാട്‌? ടെന്‍ഡറില്ല, ഏജന്‍സി വഴി സാമഗ്രികള്‍ വാങ്ങി, കൂടിയ പലിശയും നിരവധി സാമ്രാജ്യത്വചരടുകളുമുള്ള വായ്‌പ സ്വീകരിച്ചു, പുതിയ പദ്ധതികള്‍ ലാവലിനു നല്‌കാമെന്ന്‌ മുന്‍കൂര്‍ സമ്മതിച്ചു, വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയും സ്വകാര്യവൈദ്യുതി പദ്ധതികളും തത്ത്വത്തില്‍ അംഗീകരിച്ചു, സിഡയുടെ വ്യവസ്ഥകള്‍ അംഗീകരിക്കാമെന്ന്‌ സമ്മതിച്ചു, ഇതിന്റെ തുടര്‍ച്ചയായി വൈദ്യുതി പരിഷ്‌കാരങ്ങള്‍ക്കുള്ള ഏഷ്യന്‍ വികസന ബാങ്ക്‌ വായ്‌പയ്‌ക്ക്‌ വഴിവെച്ചു, ഇവയ്‌ക്കുവേണ്ടി ഗൂഢാലോചന നടത്തി... (ഇതേ കാലത്തുതന്നെയാണ്‌ കണ്ണൂരില്‍ എന്റോണ്‍ താപനിലയം സ്ഥാപിക്കാന്‍ ശ്രമിച്ചതും പാര്‍ട്ടി നേതൃത്വവും ജനങ്ങളും ഇടപെട്ട്‌ അതു തടഞ്ഞതും.) ഇതെല്ലാം തെളിഞ്ഞിട്ടും പിണറായി കുറ്റക്കാരനല്ലെന്ന്‌ പറയുകയാണ്‌ പാര്‍ട്ടി... എങ്കില്‍ പാര്‍ട്ടിയുടെ നയങ്ങള്‍ മാറിയെന്ന്‌ തുറന്നു പ്രഖ്യാപിക്കാനുള്ള സത്യസന്ധത കാട്ടുകയെങ്കിലും വേണം.
ബ്ലോഗ് ടീം