സ്വിസ്ബാങ്കില്‍ ഇന്ത്യന്‍ കള്ളപ്പണം 1456 ശതകോടി ഡോളര്‍
സുപ്രീംകോടതിയില്‍ വന്ന ഒരു കേസിന്റെ പശ്ചാത്തലത്തില്‍ കള്ളപ്പണം സജീവചര്‍ച്ചയിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെപ്പറ്റിയുള്ള വിവരം പുറത്തുവിടാന്‍ കഴിയുകയില്ലെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പറഞ്ഞത്. രാജ്യങ്ങള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് വിദേശത്തു പണം നിക്ഷേപിച്ചിട്ടുള്ളവരെ സംബന്ധിച്ച വിവരങ്ങള്‍ ഗവണ്മെന്റിന് ലഭിച്ചിട്ടുള്ളതെന്നും അവ പരസ്യപ്പെടുത്തുന്നത് കരാറിന്റെ ലംഘനമാവുമെന്നുമാണ് ഗവണ്മെന്റിന്റെ നിലപാട്. ഇന്ത്യക്കാരുടെ കള്ളപ്പള്ളം സംബന്ധിച്ച് വിദേശത്തുനിന്ന് ലഭിച്ച വിവരങ്ങള്‍ നികുതികാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാല്‍, അന്താരാഷ്ട്ര കരാറുകളിലെ ഭംഗിവാക്കുകളല്ല കോടതിയുടെ മുന്നിലുള്ള വിഷയമെന്ന് കള്ളപ്പണക്കേസിന്റെ പരിഗണനയില്‍ ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികുതിപ്രശ്‌നമായി പ്രശ്‌നത്തെ ലളിതവത്കരിക്കാന്‍ കഴിയില്ലെന്ന് ബി. സുദര്‍ശന്‍ റെഡ്ഡിയും ബി.എസ്. ചൗഹാനുമടങ്ങിയ ബെഞ്ച് അഭിപ്രായപ്പെടുകയുണ്ടായി.
ജര്‍മനിയിലെ ലീഷന്‍സ്റ്റെയിനിലുള്ള എല്‍.ജി.ടി. ബാങ്കില്‍ നിക്ഷേപിച്ച 26 ഇന്ത്യക്കാരെ സംബന്ധിച്ച് ഗവണ്മെന്റിന് ലഭിച്ച വിവരം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജേഠ്മലാനി, സുഭാഷ് കാശ്യപ് (മുന്‍ ലോക്‌സഭാ സെക്രട്ടറി), കെ.പി.എസ്. ഗില്‍ (മുന്‍ പഞ്ചാബ് ഡി.ജി.പി.) എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതിയുടെ മുമ്പിലുള്ളത്. 26 പേരുകള്‍ അടങ്ങുന്ന ലിസ്റ്റ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അതു പരസ്യപ്പെടുത്തരുത് എന്ന് ഗവണ്മെന്റ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. പരസ്യപ്പെടുത്താതെ അവര്‍ക്കെതിരെ എടുക്കുന്ന നടപടികള്‍ എത്രത്തോളം ഫലപ്രദമായിരിക്കും എന്നു കണ്ടറിയണം. മാത്രവുമല്ല, കോടതി അഭിപ്രായപ്പെട്ടതുപോലെ വെറുമൊരു നികുതിപ്രശ്‌നമായി വിദേശത്തുള്ള കള്ളപ്പണത്തെ കാണാനാവുകയില്ല. ഭീകരപ്രവര്‍ത്തനങ്ങളും മയക്കുമരുന്നുകടത്തും ആയുധക്കടത്തും എല്ലാം കള്ളപ്പണ ചാനലിലൂടെ നടക്കുന്നുണ്ട്. കോടതി ചൂണ്ടിക്കാട്ടിയ ഭയപ്പെടുത്തുന്ന അന്തരീക്ഷം അതാണ്.
എല്‍.ജി.ടി. ബാങ്കിലെ നിക്ഷേപകരുടെ ലിസ്റ്റ് പുറത്തുവന്നത് അവിടത്തെ ഒരുദ്യോഗസ്ഥന്‍ രാജിവെച്ചശേഷം പുറത്തുവിട്ട വിവരങ്ങളിലാണ്. അയാള്‍ പുറത്തുവിട്ട 1400 പേരുകളിലാണ് ഇന്ത്യയിലെ 26 പേരുള്ളത്. ഇതില്‍ 18 പേരെ മാത്രമേ ഇന്ത്യാഗവണ്മെന്റിനു തിരിച്ചറിയാനായിട്ടുള്ളൂവത്രെ. മറ്റ് എട്ടുപേര്‍ ആരാണ്? ഭീകരപ്രവര്‍ത്തകരോ രാജ്യത്തെ കൊള്ളയടിച്ചുകൊണ്ട് നാട്ടില്‍ വിലസുന്നവരോ? അല്ലെങ്കില്‍ത്തന്നെ ഇത് ഒരു ബാങ്കിന്റെ മാത്രം കാര്യം. ജര്‍മനിയിലേക്കാള്‍ കൂടുതല്‍ പണം സ്വിസ്ബാങ്കുകളിലും ചില ദ്വീപുരാജ്യങ്ങളിലുമാണ്.
സ്വിസ്ബാങ്ക് രേഖയനുസരിച്ച് 1456 ശതകോടി ഡോളറിന്റെ കള്ളപ്പണമാണ് ഇന്ത്യക്കാരുടേതായി അവിടെയുള്ളത്. രണ്ടാംസ്ഥാനം റഷ്യയ്ക്കാണ്; 470 ശതകോടി ഡോളര്‍. ബ്രിട്ടന്‍ 390 ശതകോടി ഡോളര്‍, ചൈന 96 ശതകോടി ഡോളര്‍. റഷ്യയുടെയും ചൈനയുടെയും ബ്രിട്ടന്റെയും കള്ളപ്പണ നിക്ഷേപം ഒന്നിച്ചുകൂട്ടിയാലും ഇന്ത്യയുടെ കള്ളപ്പണനിക്ഷേപത്തിന്റെ അടുത്തെങ്ങുമെത്തുന്നില്ല.
ഇത്രയും കള്ളപ്പണം എവിടെനിന്ന് എന്ന് അന്വേഷിക്കേണ്ടതില്ല. രാജ്യത്തെ കൊള്ളയടിച്ച പണം തന്നെ രാജ്യത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുന്ന അഴിമതിയുടെ വിഴുപ്പുഭാണ്ഡമാണ് വിദേശത്തെ ബാങ്കുകളില്‍ കിടക്കുന്നത്. സംശയിക്കേണ്ടതില്ല, ആ പണമാണ് ഇന്ത്യയുടെ ഭരണസംവിധാനത്തെ നിയന്ത്രിക്കുന്നത്. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും വ്യവസായികളുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളിലാണ് വിദേശത്ത് കള്ളപ്പണം ഒളിഞ്ഞുകിടക്കുന്നത്. രാജ്യത്തിന്റെ വിദേശ കടബാധ്യതയേക്കാള്‍ എത്രയോ കൂടുതലാണ് ഈ കള്ളപ്പണം.
ഓരോ വര്‍ഷവും 80,000-ത്തോളം പേര്‍ ഇന്ത്യയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുന്നുണ്ടത്രെ. ഇതില്‍ 25,000 പേര്‍ ഇടയ്ക്കിടയ്ക്ക് യാത്ര ചെയ്യുന്നവരാണ്. പതിവായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര ചെയ്യണമെങ്കില്‍ എന്തെങ്കിലും കാരണമുണ്ടാകുമല്ലോ?മിടുക്കന്മാര്‍ വിദേശത്ത് കള്ളപ്പണം കൊണ്ടിടുമ്പോള്‍ അതിനുകഴിയാത്തവര്‍ ഭൂമിയിലും കെട്ടിടങ്ങളിലും ബിനാമി ഇടപാടുകളിലുമാണ് പണമിടുന്നത്. 360 കോടി രൂപയുടെ അനധികൃത സ്വത്താണ് മധ്യപ്രദേശില്‍ കേവലം ഐ.എ.എസ്. ഓഫീസര്‍മാരായ അരവിന്ദ് ജോഷി, ടിനു ജോഷി എന്നിവരില്‍നിന്ന് ആദായ നികുതി വകുപ്പ് കണ്ടെടുത്തത്. ഈ പണം വിദേശത്തായിരുന്നെങ്കില്‍ ആരും അറിയാന്‍പോകുന്നില്ല. കൈക്കൂലികൊണ്ട് ഇത്രയുമൊക്കെ കാശുണ്ടാക്കാന്‍ കഴിയുമെന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു ജൂനിയര്‍ എന്‍ജിനീയര്‍ ഒരുമാസം അഞ്ചുപത്തുലക്ഷം രൂപ കൈക്കൂലി വാങ്ങും. മുകളിലേക്ക് കൊടുത്തതിനു ശേഷമുള്ള കള്ളപ്പണമാണിത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാല്‍പ്പോലും ഫലമില്ലെന്നതാണ് ഈ ലേഖകന്റെ നേരിട്ടുള്ള അനുഭവം. പണമാണ് ഇവിടെ ഭരിക്കുന്നത്. അതുകൊണ്ടാണ് കള്ളപ്പണം കുന്നുകൂടുന്നത്. ഡല്‍ഹി നഗരത്തില്‍ കള്ളപ്പണമില്ലാതെ ഒരു ഭൂമിയോ കെട്ടിടമോ വാങ്ങാന്‍ കഴിയില്ല. ആര്‍ക്കും തന്നെ മുഴുവന്‍ വില കണക്കില്‍ കാണിക്കാന്‍ താത്പര്യമില്ല. നല്ല പണത്തേക്കാള്‍ കള്ളപ്പണമാണ് സ്വാധീനം. 2 ജി സ്‌പെക്ട്രം വില്പനകൊണ്ട് രാജയും ഡി.എം.കെ.യുമുണ്ടാക്കിയ പണം എവിടെപ്പോയി എന്നന്വേഷിക്കുന്നവര്‍ വിഡ്ഢികള്‍. പാവം ജയലളിത അവിടെയും ഇവിടെയുമൊക്കെ ഭൂമി വാങ്ങിയതിന് കഷ്ടപ്പെടുകയാണ്. ആ പണമെല്ലാം വല്ല സ്വിസ് ബാങ്കിലുമായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെട്ടേനെ.
1,500 ശതകോടിയോളം ഡോളര്‍ സ്വിസ് ബാങ്കിലുള്ള ഇന്ത്യയെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. ആ പണം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവന്നാല്‍ 24 മണിക്കൂറിനകം ഇന്ത്യയുടെ വിദേശകടം അവസാനിക്കും. ഇപ്പോഴത്തെ നികുതിഭാരം തന്നെ കുറയ്ക്കാന്‍ കഴിയും. രണ്ടാം യു.പി.എ. അധികാരത്തില്‍ വന്നപ്പോള്‍ ഗവണ്‍മെന്റ് നടത്തിയ 100 ദിവസ പരിപാടിയില്‍ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നതാണ്. ഇക്കഴിഞ്ഞ എ.ഐ.സി.സി. സമ്പൂര്‍ണ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല എന്നാണ്. എന്നാല്‍ കിട്ടിയ 26 കള്ളപ്പണക്കാരുടെ പേരുകള്‍ പോലും പരസ്യമാക്കുന്നില്ല. കാത്തിരിക്കാം നമുക്ക്. പുതിയ വിവരസാങ്കേതിക വിദ്യാസ്‌ഫോടനത്തില്‍ അധികമൊന്നും ഒളിച്ചുനില്ക്കാന്‍ ആര്‍ക്കും കഴിയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ