പി സുരേന്ദ്രന്‍റെ ഗ്രീഷ്മമാപിനി നോവലില്‍നിന്ന്…
സമര മുഖത്തുള്ള ഒരു പോരാളിയുടെ ആയുധങ്ങളെല്ലാം സമരമുന്നണിയിലെ സഹപ്രവര്‍ത്തകര്‍ തന്നെ നിര്‍വ്വീര്യമാക്കുന്നു. അടവു നയത്തിന്റെ പേരില്‍ വിപ്ലവ ശത്രുക്കളോട് അവര്‍ സന്ധി ചെയ്തിട്ടും പോരാട്ടത്തിന്റെ തീക്കനല്‍ ബാക്കിയുള്ള ആ മനുഷ്യന്‍ ഒറ്റയാള്‍ സമരം നടത്തുന്നു. ഒടുവില്‍ പോരാട്ടത്തിന്റെ എല്ലാ ചെറുമിടിപ്പുകളെയും ഇല്ലാതാക്കാനായി പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത് നേതാവിനെ ഏകാന്തവാസത്തിന് വിടുന്നു. എന്നാല്‍ തടവറ പൊട്ടിച്ചെറിഞ്ഞ് അദ്ദേഹത്തിന് പഴയ സമരങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നു.
ഇത് വി.എസ് അച്യുതാനന്ദന്റെ ജീവിത കഥയല്ല. പക്ഷെ വി.എസ് ഇല്ലായിരുന്നുവെങ്കില്‍ ഈ നോവല്‍ ഉണ്ടാകുമായിരുന്നില്ലെന്ന് എഴുത്തുകാരന്‍. അതെ വി.എസിന്റെ പോരാട്ട ജീവിതത്തിന്റെ ദുരന്തപര്യവസാനത്തെക്കുറിച്ചുള്ള നോവല്‍ ‘ഗ്രീഷ്മമാപിനി’ പുറത്തിറങ്ങുന്നു. പി.സുരേന്ദ്രന്‍ എഴുതിയ നോവല്‍ ഡി.സി ബുക്‌സാണ് പുറത്തിറക്കുന്നത്. ഗ്രീഷ്മ മാപിനി നോവലിന്‍റെ ആദ്യ അധ്യായത്തില്‍ നിന്ന്….
മെയ് ഒമ്പതിനു ചേര്‍ന്ന നിര്‍ണായകമായ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വെച്ചാണ് അദ്ദേഹത്തെ പാര്‍ട്ടി വേദികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനമായത്. ഗ്രീഷ്മത്തിലെ പതനം എന്നാണ് ഈ സംഭവത്തെ മാധ്യമ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. ആന്ധ്രയിലെ ഖമ്മത്താണ് അത്തവണ കേന്ദ്രകമ്മിറ്റിയോഗം ചേര്‍ന്നത്.
പാറകള്‍ പഴുത്ത് പഴുത്ത് ഉഷ്ണം പൊട്ടിയൊഴുകുന്ന കാലത്ത് അങ്ങനെയൊരു യോഗം ചേരുന്നതില്‍ പ്രത്യേക പ്രസക്തിയുണ്ടെന്ന് പാര്‍ട്ടി വിശ്വസിച്ചു. ഗ്രീഷ്മത്തില്‍ പിറന്ന്, എത്രയോ കഠിന ഗ്രീഷ്മങ്ങളെ അതിജീവിച്ച അദ്ദഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സംബന്ധിച്ച തീരുമാനമെടുക്കുമ്പോള്‍ അത് ഗ്രീഷ്മത്തിലാവണമെന്നും ഉഷ്ണം തിളയ്ക്കുന്ന ദേശത്താവണമെന്നും കണ്ടെത്തുന്നതില്‍തന്നെ ഒരു കാവ്യാത്മകതയുണ്ട്.
ആഗോളതാപനം മൂലമാണോ എന്നറിയില്ല ഏറ്റവും കനത്ത ചൂടാണ് ഖമ്മത്തും നല്‍ഗോണ്ടയിലും അനന്തപൂരിലും മെഹ്ബൂബ് നഗറിലുമൊക്കെ രേഖപ്പെടുത്തിയത്. സൂര്യാഘാതത്തില്‍ ധാരാളം ആളുകള്‍ മരിച്ചു. തൊട്ടു മുമ്പത്തെ ദിവസമാണ് ശ്രീശൈലത്ത് ഇരുപത്തിയൊന്ന് മാവോയിസ്റ്റകള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
പാര്‍ട്ടിയുടെ നിര്‍ണ്ണായക തീരുമാനങ്ങളൊക്കെ ആന്ധ്രപ്രദേശിലെ യോഗങ്ങളില്‍ വെച്ചാണ് സംഭവിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശ് പാര്‍ട്ടിയെ മറന്നെങ്കിലും തെലുങ്കാനയുടെ മണ്ണിന് പാര്‍ട്ടി വലിയ പ്രാധാന്യം നല്‍കി. ചില തീരുമാനങ്ങള്‍ തന്ത്ര പരമാവണം. ക്രമാതീതമായ ഉഷ്ണം മൂലം കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കെല്ലാം ധാരാളം വെള്ളം കുടിക്കേണ്ടി വന്നു.
അമേരിക്കയിലെ കെന്റുകിക്കാര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഔദ്യോഗികമായി പുറത്തിറക്കാന്‍ പോകുന്ന മിനറല്‍ വാട്ടര്‍ എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ധാരാളമായി വിതരണം ചെയ്തിരുന്നു. ദൃശ്യമാധ്യമങ്ങള്‍ ഇത് പ്രത്യേകം പകര്‍ത്തുകയും ചെയ്തു. കെന്റുകിയുടെ ജിംബീം എന്ന ബോണ്‍ ബോണ്‍ വിസ്‌കിയുടെ ഗംഭീര വിജയത്തിനുശേഷമാണ് മിനറല്‍ വാട്ടര്‍ പുറത്തിറക്കാനും ഇന്ത്യയിലെ ഉഷ്ണപ്രദേശങ്ങളില്‍ പരീക്ഷണാര്‍ത്ഥം വിതരണം ചെയ്യാനും തീരുമാനിച്ചത്.
സാമ്രാജ്യത്വത്തിന്റെ പേടി സ്വപ്‌നമാണ് പാര്‍ട്ടിയെന്ന് നേതാക്കള്‍ എല്ലായ്‌പ്പോഴും പ്രസംഗിക്കാറുള്ളതാണ്. കെന്റുകിക്കാരും അതുകേട്ട് പേടിച്ചു കാണണം. പാര്‍ട്ടിക്കു വെറുതെ വെള്ളം കൊടുക്കാന്‍ അവര്‍ തീരുമാനിച്ചത്. അതുകൊണ്ടാവണം.
അദ്ദേഹത്തെ സംബന്ധിച്ച സുപ്രധാനമായ തീരുമാനമെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള യൂവാക്കളായ പാര്‍ട്ടി പ്രതിനിധികള്‍ ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
ഭാവിയില്‍ പാര്‍ട്ടിയെ നയിക്കേണ്ട യുവത്വത്തിന്റെ ശബ്ദത്തെ നിരാകരിക്കാന്‍ സാധ്യമാകാത്ത വിധം അവര്‍ പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടിയിരുന്നു.
പൊതുവേദികളിലും മാധ്യമപ്രവര്‍ത്തകരുടെ മുമ്പിലും അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് അവരൊക്കെ സംസാരിക്കുമെങ്കിലും പാര്‍ട്ടിക്കകത്ത് ഈ യുവനിര അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി.പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുള്ള വലിയ സ്വീകാര്യത കാരണമാവണം അത്തരമൊരു വിചിത്ര നിലപാട് പാര്‍ട്ടിയിലെ യുവത്വം കൈക്കൊണ്ടത്.
ദേശത്തെയും കാലത്തെയും ഭേദിച്ച് അദ്ദേഹം മറ്റെന്തൊക്കെയോ ആവുകയാണ് എന്ന തോന്നല്‍ അവര്‍ക്കുണ്ട്. സമീപകാലത്തായി പാര്‍ട്ടിയുടെ അതിരുകളെയും മറികടന്നു പോവുകയാണ് അദ്ദേഹം.
വ്യക്തിയും പാര്‍ട്ടിയും തമ്മിലുള്ള യുദ്ധംപോലെ അനേക സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് അപകടകരമാണെന്ന് സ്വകാര്യസംഭാഷണങ്ങളില്‍ യുവത്വം വിലയിരുത്തി വൈയക്തികതകളെ സാമൂഹികതകൊണ്ട് പ്രതിരോധിക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം.
അദ്ദേഹത്തെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ വേണ്ടിത്തന്നെയാണ് അത്തവണ കേന്ദ്രകമ്മിറ്റി ചേര്‍ന്നത്. ചില മാധ്യമപ്രവര്‍ത്തകരെങ്കിലും അത് തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹത്തിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍.
മാധ്യമപ്രവര്‍ത്തകരുടെ കണ്ണുകള്‍ ഇടതടവില്ലാതെ പാര്‍ട്ടിയെ ഒളിഞ്ഞുനോക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ എല്ലായ്‌പ്പോഴും പരാതി പറയാറുള്ളതാണ്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് നഖം വെട്ടാനും അടയ്ക്ക വെട്ടാനും കത്തികള്‍ ഉണ്ടാക്കിക്കൊടുക്കെന്ന കരുവാന്റെ ആലകള്‍, കൊറ്റികളെ വെടിവെക്കാന്‍ തോക്കുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന കള്ളത്തോക്കു നിര്‍മ്മാണ കേന്ദ്രങ്ങള്‍, നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് വിവാഹസത്ക്കാരത്തിനു പോകാന്‍ സാരികള്‍ നെയ്യുന്ന നെയ്ത്ത് കേന്ദ്രങ്ങള്‍…
എല്ലായിടത്തേക്കും മാധ്യമപ്രവര്‍ത്തകര്‍ ഒളിഞ്ഞുനോക്കുകയാണ്. നേതാക്കളുടെ മക്കള്‍ പഠിക്കുന്ന വിദേശ യൂണിവേഴ്‌സിറ്റികളില്‍ വരെ മാധ്യമപ്രവര്‍ത്തകരുടെ ചാരക്കണ്ണുകള്‍ ഇഴഞ്ഞെത്തുന്നു.
ചെളിവരമ്പത്തെ കൊറ്റികളെപ്പോലെ ഒടുങ്ങാത്ത കാത്തിരിപ്പാണ് ഓരോ മാധ്യമപ്രവര്‍ത്തകന്റേയും ചേറുനിറഞ്ഞ വയലില്‍ എപ്പോഴാണ് ഒരു മീന്‍ പൂളയ്ക്കുകയെന്നു കൂര്‍പ്പിച്ചുകാത്തിരിക്കണം. കേന്ദ്രകമ്മിറ്റിയോഗത്തിനുവേണ്ടി മേയ് ഒമ്പത് തിരഞ്ഞെടുത്തതും ബോധപൂര്‍വ്വമാണ്. അന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം.
ശാസ്ത്രീയയുക്തിബോധത്തില്‍ അധിഷ്ഠിതമായ ലോകവീക്ഷണത്തിന് ശക്തമായ തിരിച്ചടിയേറ്റതില്‍ പിന്നെ പാര്‍ട്ടിയിലും വിധിവിശ്വാസികളുടെ എണ്ണം പെരുകി വരികയായിരുന്നു. ശത്രുസംഹാരപൂജകൊണ്ട് വലിയ ഫലസിദ്ധി ഉണ്ടാകുമെന്ന് നേതാക്കള്‍ വിശ്വസിച്ചു.
എതിര്‍പാര്‍ട്ടിക്കാരെ നേരിടുന്നതിനേക്കാള്‍ വലിയ പ്രാധാന്യത്തോടെ എതിര്‍ഗ്രൂപ്പുകാരെ നേരിടണം. പാര്‍ട്ടിയുടെ അകത്തളങ്ങളില്‍ താന്ത്രികന്മാര്‍ കേറിയിറങ്ങിയിരുന്നു. സമ്പത്ത് കൂടുമ്പോള്‍ പേടിയും കൂടും. വലിയ വീടുകള്‍ പണിയുമ്പോള്‍ കക്കൂസിനുവരെ വാസ്തുനോക്കണമെന്നാവും. ഗണപതി ഹോമം കഴിക്കാതെ വീട്ടില്‍ പാര്‍ക്കാന്‍ വയ്യെന്നാവും. ജോത്സ്യന്‍മാരുടെ കൂടെ തീരുമാനപ്രകാരമാണ് മെയ് ഒമ്പത് തന്നെ തിരഞ്ഞെടുത്തത്.
ആഫ്രിക്കയിലെ സിയറി ലിയോണില്‍ ആഭ്യന്തരകലാപം പൊട്ടപ്പുറപ്പെട്ട ദിനങ്ങളുമായിരുന്നു അത്. അവിടുത്തെ വജ്രഖനികള്‍ കയ്യടക്കാനായി സാമ്രാജ്യത്വ കമ്പനികളാണ് വംശീയ സംഘര്‍ഷം സൃഷ്ടിച്ച് പാവപ്പെട്ട ജനങ്ങളെ ആയുധമണിയിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ മെയ് ഒമ്പതിന് കേന്ദ്രകമ്മിറ്റി മറ്റൊരു പത്രക്കുറിപ്പുകൂടി പുറത്തിറക്കി. സാമ്രാജ്യത്വം ദരിദ്രരാജ്യങ്ങളെ ആയുധീകരിക്കാന് നടത്തുന്ന ശ്രമങ്ങളെ ശക്തമായ ഭാഷിയില്‍ അപലപിക്കുന്നതായിരുന്നു അത്.
മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള തീവ്രവാദവും ഭീകരവാദവും സാമ്രാജ്യത്വത്തിന്റെ ആയുധകമ്പോളത്തെയാണ് സഹായിക്കുന്നത്. അത് ബഹുസ്വര സമൂഹത്തെ ശിഥിലമാക്കി രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്നു.
അതിനാല്‍ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം തന്നെയായി പാര്‍ട്ടി തിരച്ചറിഞ്ഞു. ആഗസ്റ്റ് ഒമ്പതിനുതന്നെ കേന്ദ്രകമ്മിറ്റി ചേര്‍ന്നത് സാമ്രാജ്യത്വ വിരുദ്ധതയുടെ ഭാഗമാണെന്നും പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. അതോടൊപ്പം അദ്ദേഹത്തെ വീട്ടിലിരുത്താനുള്ള തീരുമാനവും വന്നു.
എന്നാല്‍ ഏകാന്ത തടവിന് അദ്ദേഹത്തെ ശിക്ഷിക്കുകയൊന്നുമായിരുന്നില്ല. മറിച്ച് തന്ത്രപരമായ ഒരു തീരുമാനമെടുക്കുകയായിരുന്നു പാര്‍ട്ടി. അദ്ദേഹം ജനങ്ങളോട് തീരെ സംസാരിക്കേണ്ടതില്ല എന്നല്ല. നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്യേണ്ടതില്ല എന്നുമാത്രം.
ജനങ്ങളെ കാണുമ്പോള്‍ അദ്ദേഹത്തിന് നിലതെറ്റുന്നു.
അവരുടെ ഹര്‍ഷാരവങ്ങളില്‍ അദ്ദേഹം പാര്‍ട്ടിയെ മറക്കുന്നു.ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അദ്ദേഹത്തിനു വീര്യം കൂടുന്നു.
എല്ലാറ്റിനും പരിഹാരം ഒന്നേയുള്ളൂ. പെരുത്ത ഏകാന്തതയിലേക്ക് അദ്ദേഹത്തെ തള്ളിമാറ്റുക. പാര്‍ട്ടിയെ മറികടന്ന് നേതാക്കള്‍ വളരുമ്പോഴാണ് പ്രത്യയശാസ്ത്രംവ്യക്തിവാദത്തിലേക്കു ചുരുങ്ങുന്നത്.
സാങ്കേതിത വിദ്യയിലുണ്ടായ എല്ലാകുതിപ്പുകളുടേയും സാധ്യതകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന് ലോകത്തോട് സംസാരിക്കാനായി അവസരമുണ്ടാകാന്‍ പാര്‍ട്ടി തീരുമാനിച്ചു. ജൈവശബ്ദത്തെ അതിന്റെ സാങ്കേതിക പ്രക്ഷേപണങ്ങളിലൂടെ പാര്‍ട്ടിക്ക് ആവശ്യമാംവിധം വളയ്ക്കുകയോ ഒടിക്കുകയോ ആവാം. എഡിറ്റിങ്ങിന് അപാരമായ സാധ്യതകളുണ്ട്. ചിലപ്പോഴെങ്കിലും മോര്‍ഫിങ്ങിനും.
സാങ്കേതിക വിദ്യകളെക്കുറിച്ച് ഈയിടെയായി പാര്‍ട്ടി ഏറെ വാചാലമാവുന്നുണ്ട്. പല സാങ്കേതിക വിദ്യകളും കടന്നുവന്ന കാലത്ത് അതിനെതിരെ നിന്നു എന്ന ദുഷ്‌പേര് പാര്‍ട്ടിക്ക് സമ്പാദിക്കേണ്ടിവന്നിരിക്കുന്നു. കേരളത്തിലെ വയലുകളില്‍ ആദ്യമിറങ്ങിയ ഉഴവുയന്ത്രം തല്ലിപ്പൊളിച്ചത് പാര്‍ട്ടിനേതൃത്വത്തിലാണ്. യന്ത്രങ്ങള്‍ തൊഴിലാളികളുടെ വരുമാനം കവര്‍ന്നെടുക്കുന്നു എന്ന കാരണത്താലാണ് അങ്ങിനെയൊരു തീരുമാനം കൈക്കൊണ്ടത്. എന്നാലിപ്പോള്‍ മറ്റൊരു യാഥാര്‍ത്ഥ്യം കൂടി പാര്‍ട്ടി കാണുന്നു. തൊഴിലാളികളൊക്കെ ഉപേക്ഷിച്ചുപോയതിനാല്‍ തരിശായും കാടുപിടിച്ചും കിടക്കുന്ന വയലുകളാണവ.
വരമ്പുകളില്‍ ചെളിയില്ല
ഞണ്ടുകളുടെ മാളങ്ങളില്ല
വെളുത്ത മുട്ടകള്‍ക്കു മേലിരിക്കുന്ന ഞവുഞ്ഞികളില്ല.
പൊന്മാനുകളുടെ ദീനമാര്‍ന്ന കരച്ചിലുകള്‍ കേള്‍ക്കാറില്ല. തത്തകളും കൂരിയാറ്റകളും വയലുകളെ ഉപേക്ഷിച്ചുപോയി. നട്ടെല്ലുകണക്കെ ബലമാര്‍ന്ന വരമ്പുകളിലൂടെയാണ് ‘വയലുകളെല്ലാം വയലില്‍ പണിയെടുക്കന്നവന’ എന്ന മുദ്രാവാക്യങ്ങളുമായി ജാഥകള്‍ കടന്നുപോയത്. അന്ന് ജാഥയിലെ മനുഷ്യരൊക്കെ അര്‍ദ്ധ നഗ്നന്‍മാരായിരുന്നു. ചെരിപ്പിടാത്ത അവരുടെ കാലുകളൊക്കെ ഒട്ടും ഭംഗിയില്ലാത്തവിധം പരന്നതായിരുന്നു.
വീണ്ടുപൊട്ടിയിരുന്നു. പക്ഷേ അവരുടെ ഞരമ്പുകളെല്ലാം വിശ്വാസം മുറുകി ബലമാര്‍ന്നതായിരുന്നു. വയല്‍ച്ചേറില്‍ മനുഷ്യരക്തം വീണ നാളുകളാണവ.
വര: സഗീര്‍